പതിനാലുകാരിയുടെ മുഖത്ത് അയൽവാസി ആസിഡ് ഒഴിച്ചു

പുൽപ്പള്ളി : എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് അയൽവാസിയുടെ ക്രൂരത. ആക്രമണത്തിൽ വിദ്യാർഥിനിയുടെ മുഖത്തും കണ്ണിനും ഗുരുതര പരിക്കേറ്റു. മാരപ്പൻ മൂല പ്രിയദർശിനി ഉന്നതിയിലെ മഹാലക്ഷ്മിയ്ക്കാണ് പരിക്കേറ്റത്. ബന്ധുവും അയൽക്കാരനുമായ പ്രതി വേട്ടറുമ്മൽ രാജു ജോസ് (53) പുൽപ്പള്ളി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.

വെള്ളി വൈകിട്ട് 5.30നാണ് സംഭവം. പെൺകുട്ടി വീടിന് പിന്നിലെ മുറ്റത്ത് ഭക്ഷണം പാകം ചെയ്യവേയാണ് ആക്രമണം. കൈയിൽ ആസിഡുമായെത്തിയ പ്രതി പെൺകുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. വേദനയാൽ പുളഞ്ഞ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി. അയൽവീട്ടിലെ സ്ത്രീയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. ബന്ധുക്കളെത്തി പെൺകുട്ടിയെ ആദ്യം പുൽപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കാഴ്ചയ്ക്കും സാരമായ പ്രശ്നമുണ്ട്.

പ്രതിക്ക് പെൺകുട്ടിയുടെ കുടുംബത്തോട് മുൻവൈരാഗ്യമുണ്ടെന്ന് പൊലീസ് പറയുന്നു. മുമ്പും ആക്ര മണത്തിനായി ആസിഡ് വാങ്ങി സൂക്ഷിച്ചിരുന്നു. ഇത് കാണാത്തതിനാൽ വെള്ളി പകൽ പുൽപ്പള്ളിയിലെ വളം കടയിൽ നിന്ന് വീണ്ടും ആസിഡ് വാങ്ങുകയായിരുന്നു. പ്രതി സമാനമായി അതിക്രമം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top