നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക്

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ കാര്‍ത്തിക ജി നായരുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ഒന്നാം റാങ്ക്.
സെപ്റ്റംബര്‍ 12 ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ നിന്നാണ് മലയാളികള്‍ക്ക് അഭിമാനമായി കാര്‍ത്തികയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത്.

ഡല്‍ഹി, തെലങ്കാന, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഒന്നാം റാങ്ക് പങ്കിട്ടത്. മഹാരാഷ്ട്രയില്‍ നിന്നുള്ള മലയാളിയാണ് കാര്‍ത്തിക. തെലങ്കാനയില്‍ നിന്നുള്ള മൃണാല്‍ കുട്ടേരി, ഡല്‍ഹിയിലെ തന്മയ് ഗുപ്ത എന്നിവരാണ് ഒന്നാം റാങ്കിന് അര്‍ഹരായ മറ്റ് രണ്ട് കുട്ടികള്‍.

നീറ്റ് യു.ജി പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രിംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. വീണ്ടും പരീക്ഷ നടത്തണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 16 ലക്ഷം പേരുടെ പരീക്ഷ ഫലം തടഞ്ഞുവയ്ക്കാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ ചുമതലയുണ്ടായിരുന്ന വ്യക്തി ഉത്തരക്കടലാസുകള്‍ കൂട്ടിക്കലര്‍ത്തിയെന്നത് അടക്കം രണ്ട് വിദ്യാര്‍ത്ഥികളുടെ പരാതി വിശദമായി പിന്നീട് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം നോട്ടീസ് അയക്കാനും ഉത്തരവിട്ടു. നീറ്റ് യു.ജി പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയും, ക്രമക്കേടും നടന്നുവെന്ന മറ്റൊരു ഹര്‍ജിയില്‍ ഇടപെടാന്‍ നേരത്തെ കോടതി തയാറായിരുന്നില്ല. കോടതി ഇടപെട്ടാല്‍ പ്രവേശന പരീക്ഷയെ സംബന്ധിച്ച് സംശയങ്ങള്‍ ഉയരുമെന്നും, വിദ്യാര്‍ത്ഥികളെ അത് ഗുരുതരമായി ബാധിക്കുമെന്നുമുള്ള നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top