കുങ്കുമച്ചുവപ്പില്‍ മരതകമണിഞ്ഞ് നയന്‍

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം തീരുമാനിച്ചെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ആരാധകരുടെ കാത്തിരിപ്പായിരുന്നു ആ മുഹൂര്‍ത്തത്തില്‍ നയന്‍ എങ്ങനെയായിരിക്കും അണിഞ്ഞൊരുങ്ങുക എന്നറിയാന്‍. തലൈവിയെ വിവാഹവേഷത്തില്‍ കാണാന്‍ ആഗ്രഹിച്ച ആരാധകര്‍. മലയാളി മങ്കയോ തമിഴ്‌പ്പെണ്ണോ അതുമല്ലെങ്കില്‍ പുതുമകളുടെ രാജകുമാരിയോ നയന്‍ വിക്കി വിവാഹ ചിത്രം പുറത്തുവരുന്നതു കാത്തിരുന്നവര്‍ക്കു മുന്നില്‍ പ്രതീക്ഷകളേറെയുണ്ടായിരുന്നു.

നയന്‍സിന്റെ പ്രിയപ്പെട്ട സാരിയായിരിക്കും കല്യാണ വേഷം എന്നതില്‍ ആരാധകര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല, എന്നാല്‍ അത് ഏത് തരത്തിലായിരിക്കും എന്നതായിരുന്നു ആകാംഷ. പാരമ്പര്യച്ചുവപ്പില്‍ പുതുമ ചോരാത്ത സാരിയണിഞ്ഞ്, രാജകീയ പ്രൗഢിയുള്ള മരതകക്കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങള്‍ ധരിച്ച് വിവാഹവേദിയിലൂടെ നയന്‍സ് നടന്നെത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് തീര്‍ത്തും മനസ്സ് നിറയുന്ന കാഴ്ചയായിരുന്നു

ബോളിവുഡ് സ്‌റ്റൈലിസ്റ്റ് ഷലീന നതാനിയയും സംഘവുമാണ് നയന്‍താരയുടെ ഔട്ട്ഫിറ്റുകള്‍ തിരഞ്ഞെടുത്തത്. കാനില്‍ ദീപിക പദുക്കോണിനെ സാരിയുടുപ്പിച്ച ഡോളി ജെയിന്‍ ആണ് നയന്‍ താരയെ വിവാഹസാരി ധരിപ്പിച്ചത്. മേക്കപ്പ് പുനീത് സെയ്‌നിയും ഹെയര്‍ സ്‌റ്റൈല്‍ അമിത് താക്കൂറും ഭംഗിയാക്കിയപ്പോള്‍ വേദിയില്‍ നയന്‍ തിളങ്ങി.

കുങ്കുമച്ചുവപ്പ് സാരിയില്‍ ഹോയ്‌സാല ക്ഷേത്രത്തിലെ ചിത്രപ്പണികളാണ് ചെയ്തിരിക്കുന്നത്. ബ്ലൗസിലെ സ്ലീവുകളില്‍ തുന്നിയെടുത്തത് ലക്ഷ്മിദേവിയുടെ മോട്ടിഫാണ്. വിക്കിയുടെയും നയന്‍താരയുടെയും പേരുകളും സാരിയില്‍ തുന്നിച്ചേര്‍ത്തിരുന്നു. ഒപ്പം ഒരു വെയ്ല്‍ കൂടിയായതോടെ വിവാഹവേദിയിലേക്ക് നയന്‍ നടന്നടുക്കുന്ന ചിത്രം ആരാധകര്‍ കണ്ണെടുക്കാതെ നോക്കി നിന്നു.

ജേഡ് എന്ന പ്രശസ്ത ഡിസൈനര്‍ സ്റ്റുഡിയോയുടെ മോനിക്ക, കരിഷ്മ എന്നീ ഡിസൈനര്‍മാരാണ് നയന്‍താരയുടെ ചുവന്ന വസ്ത്രം ഡിസൈന്‍ ചെയ്തത്. ജേഡിന്റെ സിഗ്‌നേച്ചര്‍ നിറം ‘വെര്‍മിലിയന്‍ റെഡ്’ എന്ന കുങ്കുമച്ചുവപ്പാണ് വിവാഹ സാരിക്കായി നയന്‍താര തിരഞ്ഞെടുത്തത്. എന്നാല്‍ നിറത്തില്‍ മാത്രമാണ് പാരമ്പര്യ സ്പര്‍ശം കൊണ്ടുവന്നത്. ഡിസൈനിലും അലങ്കാരത്തുന്നലിലുമെല്ലാം തലൈവി സ്‌റ്റൈല്‍’ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top