മലപ്പുറത്തെ ദേശീയപാത സ്ഥലമെടുപ്പ് ഫെബ്രുവരി 28ന് ഭൂമി കൈമാറും

മലപ്പുറം: ജില്ലയില്‍ ദേശീയപാതാ സ്ഥലമെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ മുഴുവന്‍ ഭൂമിയും നടപടികള്‍ പൂര്‍ത്തിയാക്കി 2019 ഫെബ്രുവരി 28 നകം ദേശീയ പാതാ വിഭാഗത്തിന് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നിലവില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ മുഴുവന്‍ പ്രാഥമിക നടപടികളും പൂര്‍ത്തിയായി കഴിഞ്ഞു. സബ് ഡിവിഷന്‍ സര്‍വ്വെ പൂര്‍ത്തിയായി. പൂര്‍ത്തിയായ മുഴവന്‍ സര്‍വ്വെ റിക്കാര്‍ഡുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കെച്ചകളും ഡാറ്റാ കലക്ഷനും മഹ്‌സറും പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഡിസംബര്‍ 31 നകം 60 ശതമാനം ഭൂമിയുടെയും കൈമാറ്റം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഉണ്ടാവും. 2019 ജനുവരി അവസാനത്തോടെ നൂറു ശതമാനവും പൂര്‍ത്തിയാവും. തുടര്‍ന്ന് ഫെബ്രുവരി 28 നകം മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കി ദേശീയ പാതാ വിഭാഗത്തിന് കൈമാറും.
ജില്ലയില്‍ റിക്കാര്‍ഡ് വേഗത്തിലാണ് ദേശീയ പാതയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാവുന്നത്.  ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. ദേശീയ പാതക്ക് സ്ഥലം നല്‍കുന്നവരുടെ ഭൂമിയുടെ ന്യായ വില റവന്യൂ വകുപ്പാണ് ഗുണഭേക്താവുമായി ചര്‍ച്ചചെയ്തു നിശ്ചയിച്ചു നല്‍കുക. ഗ്രാമത്തില്‍ ഭൂമിക്ക് ആധാരവിലയുടെ 2.4 മടങ്ങും മുനിസിപ്പാലിറ്റിയില്‍ രണ്ട് മടങ്ങും നല്‍കും. ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സമാനമായ ഭൂമിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വില്‍പ്പന നടന്നിട്ടുള്ള ഭൂമിയുടെ ആധാരങ്ങള്‍ പരിശോധിച്ചു ഏറ്റവും കൂടുതല്‍ വില കാണിച്ച പകുതി ആധാരങ്ങളുടെ ശരാശരി വിലയാണ് ഭൂമി വിലയായി നിശ്ചയിക്കുക. ഇതിന്റെ 2. 4 മടങ്ങാണ് നല്‍കുക.
നെല്ല് ഉള്‍പ്പെടെയുള്ള ഇടക്കാല വിളകളൊഴിച്ച് ബാക്കി എല്ലാ വിളകള്‍ക്കും കാര്‍ഷിക വകുപ്പ് വില നിശ്ചയിക്കും. ആയതിന്റെ ഇരട്ടി തുക ഗുണഭോക്താവിന് നല്‍കും. മരങ്ങളുടെ വില സോഷ്യല്‍ ഫോറസ്ട്രി വകുപ്പും നിശ്ചയിക്കും. മരത്തിന്റെ വണ്ണവും പ്രായവും  കണക്കിലെടുത്ത് ആയതിന്റെ ഇരട്ടി തുകയും നല്‍കും.
കെട്ടിടങ്ങളുടെ കേന്ദ്ര നിരക്കിലുള്ള 2018 ലെ  നിര്‍മ്മാണ ചെലവിന്റെ ഇരട്ടി തുകയാണ് നല്‍കുക. ആയതിന് സ്‌ക്വയര്‍ ഫീറ്റ് ഒന്നിന് പരമാവധി 4200 രൂപ വരെ ലഭിക്കും. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇതിലും കൂടിയ നിരക്ക് ലഭിക്കും.

Related Articles