ദേശീയ വിദ്യാഭ്യാസ നയരേഖ-ദേശീയ കൊളോഖിയം സംഘടിപ്പിച്ചു

ഫറോക്ക്: ദേശീയ വിദ്യാഭ്യാസ നയരേഖ – 2019 ഡ്രാഫ്റ്റിനെ അടിസ്ഥാനമാക്കി ഫാറുഖ് ട്രൈനിംഗ് കോളേജ് ഐ.ക്യു.എ.സി. യുടെ ആഭിമുഖ്യത്തില്‍ ദേശീയ കൊളോഖിയം സംഘടിപ്പിച്ചു. പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കാണ് ഭാരതത്തിന് ആവശ്യമെന്ന് പറയുന്ന നയരേഖ പല ഘട്ടത്തിലും ഇന്ത്യയെ പുറകോട്ടു നയിക്കുമോ എന്ന ആശങ്ക കൊളോഖിയം മുന്നോട്ടു വെച്ചു. സ്‌കൂള്‍ തലത്തിലെ ഘടനാ മാറ്റമാണ് നയരേഖയിലെ പ്രധാന നിര്‍ദ്ദേശം. 2009 ല്‍ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നിട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും അതു മുന്നോട്ടു വെച്ച ഘടനാ മാറ്റം നടപ്പിലാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് ഈ രേഖ പല നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെക്കുന്നത് എന്ന് കൊളോഖിയം വിലയിരുത്തി.
അധ്യാപന പരിശീലന രംഗത്ത് വലിയ മാറ്റങ്ങളാണ് നയരേഖ മുന്നോട്ടു വെക്കുന്നത്. ബഹുമുഖ വിഷയസംവിധാനത്തിലേക്ക് ട്രൈനിംഗ് കോളേജുകള്‍ മാറുക എന്നത് ഈ മേഖലയെ ശക്തിപ്പെടുത്തുമെങ്കിലും ഇത് പ്രായോഗികതയില്ലാത്തതും അധ്യാപനത്തിന്റെ നിലവാരത്തെ ഉയര്‍ത്താന്‍ സഹകരമല്ലാത്തതുമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ സ്വകാര്യമേഖലയേയും കോര്‍പറേറ്റുകളെയും മാത്രമേ സഹായിക്കുകയുള്ളു. നിലവിലുള്ള കോളേജുകള്‍ക്ക് നിലവാരമില്ല എന്ന് പറയുന്ന രേഖ സ്വയംഭരണ കോളേജുകളാണ് അവയ്ക്ക് പരിഹാരമായി മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശം. ഇത് വിദ്യാഭ്യാസത്തെ വ്യവസായവല്‍ക്കരിക്കുന്ന അവസ്ഥ സംജാതമാക്കും. ലിബറല്‍ ആര്‍ട്‌സ് പ്രോഗ്രാം എന്ന പേരില്‍ പുരാതനമായ കലകളും ആശയങ്ങളും ബിരുദതലങ്ങളിലെ സിലബസുകളില്‍ കുത്തിനിറക്കാനുള്ള ശ്രമം ഈ രേഖയില്‍ കാണാം. ഇത് ഇന്ത്യന്‍ വിദ്യാഭ്യസ രംഗത്തെ ആധുനിക വല്‍ക്കരിക്കാനല്ല മറിച്ച് പുരാതനവല്‍ക്കരിക്കാനേ ഉപകരിക്കുള്ളു എന്നും കൊളോഖിയം വിലയിരുത്തി.
മഹാത്മ ഗാന്ധി സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.പി.നൗഷാദ് ദേശീയ കൊളോഖിയം ഉദ്ഘാടനം ചെയ്തു. ഫാറുഖ് ട്രൈനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.എ.ജവഹര്‍ അധ്യക്ഷത വഹിച്ചു. ഇസ്മയില്‍.കെ., നസ്‌ല മോള്‍ കെ. ഷഫീഖ് പി. ലിന്‍ഷ സി.കെ. പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ. മുഹമ്മദ് സലീം ടി. സ്വാഗതവും മുഹമ്മദ് ഷരീഫ് കെ. നന്ദിയും പറഞ്ഞു.

Related Articles