തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ മുഖ്യപ്രതി പിടിയിലായി. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് ആണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്ന ഷീല സണ്ണിയുടെ ഇരുചക്ര വാഹനത്തില്‍നിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 27നാണ് ഇവരെ ജയിലിലടച്ചത്. 72 ദിവസം ജയിലില്‍ കഴിഞ്ഞശേഷം കേസ് വ്യാജമെന്ന് കണ്ടെത്തി.നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി. കോടതി നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ ഹാജരായിരുന്നില്ല.കള്ളക്കേസില്‍ കുടുക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നും കേസില്‍ എക്‌സൈസിനും പങ്കുണ്ടെന്നുമാണ് ഷീല ആരോപിക്കുന്നത്.
72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഷീല.ഷീല സണ്ണിജയിലില്‍നിന്ന് പുറത്തിറങ്ങിയെങ്കിലും ഉപജീവനമാര്‍ഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ അടച്ചുപൂട്ടേണ്ടിവന്നിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാര്‍ലര്‍ ആരംഭിച്ചെങ്കിലും മറ്റുള്ളവര്‍ സംശയദൃഷ്ടിയോടെ കണ്ടതിനാല്‍ അതും അടച്ചുപൂട്ടേണ്ടിവന്നു. തുടര്‍ന്ന് നാടുവിട്ട ഷീല ഇപ്പോള്‍ ചെന്നൈയില്‍ ജോലി ചെയ്യുകയാണ്.




