കാലിക്കറ്റ് സര്‍വകലാശാലയില്‍ യു.ജി.സിയുടെ ‘നാക് ‘ സംഘം സന്ദര്‍ശനം തുടങ്ങി. പ്രൊഫ. സുധീര്‍ ഗാവ്നേ ചെയര്‍മാനായ ആറംഗ സമിതി വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കാമ്പസിലെത്തിയത്.
ഭരണകാര്യാലയത്തിന് മുന്നില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, ഫിനാന്‍സ് ഓഫീസര്‍ ജുഗല്‍ കിഷോര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. ജോസ് ടി. പുത്തൂര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, ഡോ. പി. റഷീദ് അഹമ്മദ്, യൂജിന്‍ മൊറേലി, സെനറ്റംഗം വിനോദ് നീക്കാംപുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
വൈസ് ചാന്‍സലറുടെ അക്കാദമിക് പ്രസന്റേഷനായിരുന്നു ആദ്യം. തുടര്‍ന്ന് ഡീനുമാര്‍, പഠനബോര്‍ഡംഗങ്ങള്‍ എന്നിവരുമായി സംവദിച്ചു. രണ്ടംഗങ്ങള്‍ വീതമുള്ള മൂന്നു സംഘങ്ങളായി ഇവര്‍ വിവിധ പഠനവകുപ്പുകളില്‍ സന്ദര്‍ശനം നടത്തി. വെള്ളി, ശനി ദിവസങ്ങളിലും സന്ദര്‍ശനം തുടരും.




