
മലപ്പുറം: ഒറ്റമൂലി രഹസ്യം ലഭിക്കുന്നതിന് മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 1,2,6 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷറഫ്, രണ്ടാം പ്രതി ഷൈബിന്റെ മാനേജര്‍ വയനാട് സുല്‍ത്താന്‍ ബത്തേരി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍, ആറാം പ്രതി നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ് എന്നീ മൂന്നു പേരൊണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസില്‍ ശിക്ഷ ഈ മാസം 22 ന് വിധിക്കും. മ്യതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസില്‍ സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിര്‍ണായകമായത്. വിചാരണയുടെ ഭാഗമായി എണ്‍പത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ മുന്‍പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങള്‍ ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളില്‍ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫില്‍ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തില്‍ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്.
മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫും സംഘവുമായിരുന്നു പിന്നില്‍. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്റെ രഹസ്യം പറയാന്‍ തയ്യാറായില്ല. പിന്നീട് ക്രൂര പീഡനത്തിന് ഒടുവില്‍ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



