കാസര്‍കോട്: പ്രവാസിയായ അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേശ്വരം സ്വദേശികളായ റിയാസ് ഹസ്സന്‍, അബൂബക്കര്‍ സിദ്ദീഖ്, ഉപ്പളം സ്വദേശിയായ അബ്ദു റസാഖ് എന്നിവരെ ഇന്ന് പുലര്‍ച്ചയോടെയാണ് അന്വേഷണസംഘം പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്.
തലച്ചോറിനേറ്റ ക്ഷതമാണ് പ്രവാസി അബൂബക്കര്‍ സിദ്ദീഖിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അരയ്ക്ക് താഴെ നിരവധി തവണ മര്‍ദിച്ച പാടുകളുണ്ട്. പേശികള്‍ അടിയേറ്റ് ചതഞ്ഞു. ക്വട്ടേഷന്‍ സംഘം ക്രൂരമായാണ് മര്‍ദ്ദിച്ചതെന്ന് കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറും സുഹൃത്ത് അന്‍സാരിയും പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയാണ് മര്‍ദ്ദിച്ചത്.
ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചാണ് അന്‍വര്‍ ഹുസൈനെയും അന്‍സാരിയേയും ക്വട്ടേഷന്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ചും തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു. അന്‍സാരിയെക്കൊണ്ടും സിദ്ദിഖിനെ മര്‍ദിക്കാന്‍ ശ്രമമുണ്ടായി. വിസമ്മതിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അന്‍സാരി പറഞ്ഞു. മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.




