തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അഞ്ച് ദിവസം മുമ്പ് വിവാഹിതരായ ശരണ്യ – മോഹന്‍ എന്നീ ദമ്പതികളെയാണ് വധുവിന്റെ സഹോദരനും ബന്ധുവും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊന്നത്. രണ്ട് ജാതിവിഭാഗങ്ങളില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും. ഇതര സമുദായത്തില്‍പെട്ട രണ്ടുപേര്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പകമൂലമാണ് നവ ദമ്പതികളെ വെട്ടി കൊലപ്പെടുത്തിയത്.
ഇന്നലെ വൈകിട്ടോടെ വിരുന്നിനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇരുവരെയും ബന്ധുക്കള്‍ വെട്ടിവീഴ്ത്തിയത്. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവിലാണ്.
കുംഭകോണം ചോളപുരത്തെ തുളുക്കവേലി സ്വദേശി ശരണ്യയും മോഹനും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്‌സായ ശരണ്യ തങ്ങളുടെ പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കടുത്ത രീതിയില്‍ത്തന്നെ ഇവരുടെ വിവാഹത്തെ എതിര്‍ത്തു. എതിര്‍പ്പിനെ മറികടന്ന് ജൂണ്‍ 9-ന് ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.
ശരണ്യയുടെയും മോഹന്റെയും മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.




