പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ അവുക്കാദർക്കുട്ടി നഹാ സ്മാരക സ്റ്റേഡിയം ആർ എസ് എസ്സിൻ്റെ പരിപാടി നടത്താൻ അനുവാദം നൽകിയതിൽ പ്രതിഷേധവും വിവാദവും കൊഴുക്കുന്നു. ആർ എസ് എസ് വിജയദശമി ദിനത്തിൽ നടത്തിവരുന്ന പഥസഞ്ചലനം പരിപാടിക്കാണ് പരപ്പനങ്ങാടി നഗരസഭയ്ക്ക് കീഴിലുള്ള സ്റ്റേഡിയം അനുവദിച്ചത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൽഡിഎഫും എസ്ഡിപിഐയും രംഗത്തെത്തി. ആർ എസ് എസ്സിന് നഹാസാഹിബ് സ്റ്റേഡിയം അനുവദിച്ച പരപ്പനങ്ങാടി നഗരസഭ മുസ്ലിംലീഗ് ഭരണസമിതിയുടെ നടപടി അപലപനീയമാണെന്നും നഗരസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമുള്ള സമയത്ത് ആർഎസ്എസ്സുമായുള്ള അവിശുദ്ധ ബന്ധം അരക്കിട്ടുറപ്പിക്കാനാണ് മുൻ ഉപമുഖ്യമന്ത്രി അവുക്കാദർക്കുട്ടി നഹ സാഹിബിൻ്റെ സ്റ്റേഡിയം പോലും വിട്ടു നൽകിയതെന്ന് എൽ ഡി എഫ് കൗൺസിലർമാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
ഒരു സംഘടനയുടെയും പരിപാടികൾക്ക് സ്റ്റേഡിയം അനുവദിക്കാൻ പാടില്ലെന്ന് പറയുമ്പോഴും സർക്കാർ പൊതു സ്ഥലം ആർ എസ് എസ്സിന് വിട്ടു നൽകിയത് പ്രതിഷേധാർഹമാണെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മുൻ സിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി.
അതെ സമയം പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയം സ്പോർട്സുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ അനുവദിക്കേണ്ടതില്ലെന്ന കീഴ് വഴക്കം നിലനിൽക്കെ ആർ എസ് എസ് പരിപാടിക്ക് അനുവദിച്ചത് മുൻസിപ്പൽ ഭരണസമിതിയുടെ അറിവോടെയല്ലെന്ന് നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് . ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാഹുൽ ഹമീദ്
വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ഭരണസമിതിയിലെ മറ്റു പാർട്ടികളായ കോൺഗ്രസും വെൽഫെയർ പാർട്ടിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മുൻസിപ്പാലിറ്റി നടപടിയെ വിമർശിച്ചുകൊണ്ട് മലപ്പുറം ഡിസിസി അംഗം കെ പി ഷാജഹാൻ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ പ്രാദേശിക സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകളാണ് നടന്നു വരുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം നഗരസഭാ ഭരണസമിതിക്കെതിരെ കൂടുതൽ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.




