
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയിലും അട്ടമലയിലും രാവിലെ ആറ് മണിയോടെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികളും രാവിലെ തന്നെ തുടങ്ങും. നിലമ്പൂര്‍ പോത്തുകല്ലിലെ തിരച്ചിലും നാളെ രാവിലെ ആരംഭിക്കും. ചാലിയാര്‍ തീരത്ത് 7 മണിയോടെ തിരച്ചില്‍ ആരംഭിക്കും. പുഴയുടെ മുകള്‍ ഭാഗങ്ങളിലും മൃതദേഹങ്ങള്‍ ഒഴുകി വന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ ഇതുവരെ 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
വിവിധ ആശുപത്രികളിലായി 186 പേരാണ് ചികിത്സയിലുള്ളത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 20 പേരാണ് ചികിത്സയിലുള്ളത്. മേപ്പാടി വിംസില്‍ 133 പേരും മേപ്പാടി സിഎച്ച്സി 28 പേരുമാണ് ചികിത്സയിലുള്ളത്. മേപ്പാടി സിഎച്ച്‌സിയില്‍ 90 പേരുടെ മൃതശരീരങ്ങളുണ്ട്. അതില്‍ 45 മൃതദേഹങ്ങള്‍ പുരുഷന്മാരുടേതും 45 മൃതദേഹങ്ങള്‍ സ്ത്രീകളുടേതുമാണ്. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. നിലമ്പൂരില്‍ 32 പേരുടെ മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 പേര്‍ പുരുഷന്മാരും 11 പേര്‍ സ്ത്രീകളും രണ്ട് കുട്ടികളുമാണ്. കൂടാതെ ഇവിടെ 25 ശരീര ഭാഗങ്ങളുമുണ്ട്. നാല് ശരീര ഭാഗങ്ങള്‍ മേപ്പാടി സിഎച്ച്‌സിയിലുമുണ്ട്. അതേസമയം, വയനാട്ടില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ പൊതുജനം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേരള പൊലീസ് അഭ്യര്‍ഥിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




