മുംബൈ ബാര്‍ജ് അപകടം; മരിച്ചത് അഞ്ച് മലയാളികള്‍

മുംബൈ: ബാര്‍ജ് അപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. വയനാട് സ്വദേശി സുധീഷ്, തൃശൂര്‍ സ്വദേശി അര്‍ജുന്‍, കൊല്ലം സ്വദേശി ആന്റണി എഡ്വിന്‍, വയനാട് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം സ്വദേശി സസിന്‍ ഇസ്മായില്‍ എന്നിവരാണ് മരിച്ചത്. ബാര്‍ജില്‍ ഉണ്ടായിരുന്ന 60 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ബാര്‍ജിലുണ്ടായിരുന്ന 10 പേരെയും, വരപ്രദ എന്ന ടഗ് ബോട്ടിലെ 11 പേരെയും ഇനിയും കണ്ടെത്താനുണ്ട്. മുങ്ങിയ ബാര്‍ജിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനും ശ്രമം ആരംഭിച്ചു. അപകടത്തില്‍ മരിച്ചവരുടെയും കാണാതായവരുടെ യും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അടിയന്തിര ധനസഹായമായി ഓഎന്‍ജിസി പ്രഖ്യാപിച്ചു. ഇനിയും കണ്ടെത്താനുള്ളവര്‍ക്ക് വേണ്ടിയുള്ള നാവികസേനയുടെ തെരച്ചില്‍ അഞ്ചാം ദിവസം പിന്നിട്ടു. നാവിക സേനയുടെ അഞ്ചു കപ്പലുകളും, P8ഐ നിരീക്ഷണ വിമാനവും, ഹെലികോപ്റ്ററുകളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

ബാര്‍ജിന്റ ക്യാപ്റ്റന്‍ രാകേഷ് ഭല്ലവിനെതിരെ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. മുംബൈ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയിലെ യെല്ലോഗേറ്റ് പൊലീസ് സ്റ്റേഷനില്‍ ആണ് എഞ്ചിനീയറുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ക്യാപ്റ്റനെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ചുഴലി കാറ്റ് മുന്നറിയിപ്പ് അവഗണിച്ചെന്നും, ബാര്‍ജിലെ രക്ഷാബോട്ടുകള്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top