HIGHLIGHTS : Muhammedkutty's business will not stop; Minister assures court
കൊണ്ടോട്ടി:ഭിന്നശേഷിക്കാരനായ തനിക്ക് ഉപജീവനത്തിനായി അനുവദിച്ച ബങ്ക് റോഡരികില്‍ സ്ഥാപിച്ച് കച്ചവടം നടത്താന്‍ കൊണ്ടോട്ടി നഗരസഭ അനുവദിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് കൊണ്ടോട്ടി കൊടമ്പാട്ടിക്കുഴി ചെമ്പന്‍ മുഹമ്മദ് കുട്ടി (65) അദാലത്തിന് എത്തിയത്.
1987 ല്‍ സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡ് വഴി അനുവദിച്ച ബങ്ക് ഉപയോഗിച്ച് വര്‍ഷങ്ങളോളം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ കച്ചവടം നടത്തിയിരുന്നു. പിന്നീട് കൊളത്തൂര്‍- എയര്‍പോര്‍ട്ട് റോഡരികിലേക്ക് ബങ്ക് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നഗരസഭ ലൈസന്‍സ് നല്‍കുന്നില്ലെന്നായിരുന്നു പരാതി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മാത്രമാണ് തന്റെ ഏക വരുമാനം. ബങ്ക് ഉപയോഗിച്ച് കച്ചവടം നടത്തുന്നതിന് പി.എം സ്വാനിധി പദ്ധതി വഴി 50,000 രൂപ വായ്പയായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബങ്ക് പ്രവര്‍ത്തിപ്പിക്കാനാവാത്തത് മൂലം വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലാണെന്നും ഇദ്ദേഹം പരാതിപ്പെട്ടു.
ഇദ്ദേഹത്തിന്റെ പരാതി മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് അനുഭാവ പൂര്‍വ്വം കേട്ടു. പരാതി മാനുഷിക പരിഗണന നല്‍കി പരിശോധിക്കുവാനും കച്ചവടം നടത്തുന്നതിനുള്ള സൗകര്യം ഉറപ്പാക്കാനും കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.