തിരൂരങ്ങാടി: മഴ ശക്തമായതോടെ തിരൂരങ്ങാടി നഗരസഭയിലെ 11ാം ഡിവിഷന്‍ പനമ്പുഴയ്ക്ക് സമീപം പൂഞ്ഞിലത്തുപ്പാടത്ത് നൂറിലേറെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. മുപ്പതോളം വീടുകളിലേക്ക് വെള്ളം കയറിയതോടെ വീട്ടുകാര്‍ താമസം മാറി.
താഴ്ന്നപ്രദേശം കൂടിയായ ഇവിടെ മഴ പെയ്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. കടലുണ്ടിപ്പുഴ നിറഞ്ഞൊഴുകുന്നതോടെ തോടുവഴി പുഴവെള്ളവുമെത്തും.
മഴ ശക്തമാകുന്നതോടെ ആദ്യദിവസങ്ങളില്‍തന്നെ വീടുകളിലേക്ക് വെള്ളം കയറി ദുരിതമുണ്ടാകുന്നത് ഈ പ്രദേശത്താണ്. ഇവിടത്തെ 30ലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
മഴ കുറഞ്ഞാലും ഇവിടത്തെ വെള്ളം ദിവസങ്ങളോളം കെട്ടിനില്‍ക്കുകയും വലിയ ആരോഗ്യഭീഷണി നിലനില്‍ക്കാറുമുണ്ട്.
കടലുണ്ടിപ്പുഴയുമായി ബന്ധമുള്ള തോട്ടിലുള്ള വി.സി.ബിയുടെ മരത്തിലുള്ള ഷട്ടറുകള്‍ നേരത്തെ നശിച്ചതിനാല്‍ പുഴയില്‍നിന്നുള്ള വെള്ളം തടഞ്ഞുനിര്‍ത്താനാകുന്നില്ല. വി.സി.ബിക്ക് ഇരുമ്പ് ഷട്ടറുകള്‍ സ്ഥാപിച്ച് വെള്ളപ്പൊക്കത്തിന് പരിഹാരങ്ങളുണ്ടാക്കാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞദിവസം രാത്രി പുഴ നിറഞ്ഞാതോടെ കല്ലും പ്ലാസ്റ്റിക് ഷീറ്റുമുപയോഗിച്ച് നാട്ടുകാര്‍ വി.സി.ബി അടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതുവഴി കടലുണ്ടിപ്പുഴയിലെ വെള്ളം തോട്ടിലൂടെ വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വി.സി.ബിക്ക് ഇരുമ്പ് ഷട്ടറുകള്‍ സ്ഥാപിച്ച് വെള്ളം തടഞ്ഞുനിര്‍ത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം.




