കോതമംഗലം എസ് എച്ച് കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്സ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
രാത്രിഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മഠത്തിലെ മറ്റ് അന്തേവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലം ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്ന് അന്നുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.




