കൊച്ചി: ഗാര്‍ഹിക പീഢനത്തിന് പോലീസില്‍ പരാതി നല്‍കിയ ശേഷം ആത്മഹത്യ ചെയത് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണിന്റെ(21) ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും പിടിയില്‍. ഇന്ന് പുലര്‍ച്ചെ കോതമംഗലത്തെ ബന്ധുവീട്ടില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റമടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ആലുവ എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ മൊഫിയാ പര്‍വീണ്‍ കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും, ആലുവ സിഐ സിഎല്‍ സുധീറിനെതിരെയും ഗുരതരമായ ആരോപണങ്ങള്‍ എഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. പരാതി ബോധിപ്പിക്കാനെത്തിയ മകളെ സിഐ അവഹേളിച്ചതായി കുടംബം ആരോപിക്കുന്നുണ്ട്.
സിഐയെ ഇന്നലെ തന്നെ ജില്ലാ പോലീസ് ചീഫ് സ്റ്റേഷന്‍ ചുമതലയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ഏപ്രില്‍ മൂന്നിനാണ് കോതമംഗലം ഇരുമലപ്പടി സ്വദേശി മുഹമ്മദ് സുഹൈലുമായുള്ള മൊഫിയയുടെ നിക്കാഹ് നടക്കുന്നത്. വിവാഹ സത്കാരം ജനുവരിയില്‍ നടത്താമെന്ന് ധാരണയിലായിരുന്നു. ഇതിനിടെ നിക്കാഹ് കഴിഞ്ഞതിനാല്‍ ഭര്‍തൃവീട്ടുകാര്‍പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. എന്നാല്‍ അധികം വൈകാതെ തിരിച്ച് വീട്ടിലെത്തിയ യുവതി മാനസികവും ശാരീരികവുമായ പീഡനം ഏല്‍ക്കേണ്ടിവന്നതായി വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ മൊഫിയ ഒരു മാസം മുന്‍പ് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ചൊവ്വാഴ്ച ആലുവ സിഐയുടെ സാനിധ്യത്തില്‍ ഇരുവീട്ടുകാരുമായും മധ്യസ്ഥ ചര്‍ച്ച നടത്തി. ഇതിനിടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും പറയപ്പെടുന്നു. ചര്‍ച്ചക്കിടയില്‍ സിഐ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്‌തെന്ന് വീട്ടുകാര്‍ പറയുന്നു.പരാതിക്കാരിയെ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ വെച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വീട്ടുകാര്‍ പറയുന്നു.
തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് മൊഫിയ.




