
രാജ്യാന്തര യാത്രകള്‍ സുഗമമാക്കാനായി 2022-23 വര്‍ഷങ്ങളില്‍ ചിപ്പുകള്‍ ഘടിപ്പിച്ച ആധുനിക ഇ പാസ്‌പോര്‍ട്ട് ലഭ്യമാകും. 2022ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇ പാസ്‌പോര്‍ട്ട് നിലവില്‍ വരുന്നതോടെ നടപടികള്‍ വേഗത്തിലാക്കി പാസ്‌പോര്‍ട്ടുകള്‍ പെട്ടെന്ന് ലഭ്യമാക്കാന്‍ അവസരമൊരുങ്ങും. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടുകളാകും ലഭ്യമാക്കുക. ഐഡന്റിറ്റി വെരിഫിക്കേഷന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ഇ-പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റുകളില്‍ ഒരു ഇലക്ട്രോണിക് ചിപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇ പാസ്പോര്‍ട്ടുകള്‍ റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന് (ആ.എഫ്.ഐ.ഡി) ഉപയോഗിക്കാനാകും. ഡാറ്റയില്‍ കൃത്രിമത്വം കാട്ടുന്നത് തടയാനും പാസ്പോര്‍ട്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഇ പാസ്പോര്‍ട്ടുകളുടെ വരവ് സഹായിക്കും. ഇതിലൂടെ പൊലീസ് വെരിഫിക്കേഷനിലെ കാലതാമസം ഒഴിവാക്കാനും പാസ്പോര്‍ട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി അന്തരീക്ഷ മലനീകരണത്തിന്റെ തോത് കുറയ്ക്കാനും മലിനീകരണ പ്രശ്‌നങ്ങള്‍ പൂര്‍ണമായും തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണവും, ഉപയോഗവും പ്രോത്സാഹിപ്പിക്കും. ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
ആഗോള വാഹന നിര്‍മാതാക്കളില്‍ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. മിക്ക വാഹന നിര്‍മാതാക്കളും പൂര്‍ണമായും ഭാഗികമായും വൈദ്യുതോര്‍ജത്തിലേക്ക് മാറാനൊരുങ്ങിക്കഴിഞ്ഞു. ഇതിനായി ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് പൊതുഗതാഗത മേഖലകള്‍ സൃഷ്ടിക്കും. ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും തീരുമാനം.




