മോഡല്‍ ഷഹാനയുടെ മരണം, ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം

കോഴിക്കോട്:  മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കിയെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. ഷഹാനയുടെ ഡയറിക്കുറിപ്പുകളാണ് തെളിവായിട്ടുള്ളത്. മെയ് 13ന് ആണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാണ് സജാദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെ ലഹരി വില്‍പന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306) എന്നീ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലീസ് സജാദിനെ അറസ്റ്റ് ചെയ്തത്.

ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. മരിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ഷഹാനയും ഭര്‍ത്താവും പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്ക് എടുത്തത്.

 

Share news
error: Content is protected !!
Scroll to Top