HIGHLIGHTS : Mobile application for Sabarimala pilgrims; facility to book at entry points

തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
നേരത്തേ രണ്ട് അവലോകന യോഗങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരും എന്ന നിലയില്‍ വേണം ക്രമീകരണങ്ങള്‍ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് അപ്പവും, അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാന്‍ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതല്‍ 65 ലക്ഷം വരെ പായ്ക്ക് ബഫര്‍ സ്റ്റോക്ക് തയാറാക്കും. നിലവില്‍ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്.
പമ്പയിലേക്കുള്ള മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാര്‍ഥങ്ങള്‍ കര്‍ശനമായി തടയുന്നതിന് വനമേഖലയിലും, മറ്റിടങ്ങളിലും എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.
ശബരിമല സീസണ്‍ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍നിന്നു കെ.എസ്ആര്‍.ടി.സി. സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. പത്തനംതിട്ടയിലും, സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക ശുചിമുറികള്‍ ഒരുക്കും. അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുടേയും, തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷന്‍ ബിന്നുകള്‍ സ്ഥാപിക്കും. പമ്പയിലും, ശബരിമലയിലും ഓരോ മണിക്കുറിലും മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും.
ഇന്‍ഫര്‍മേഷന്‍ – പബ്ലിക റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മീഡിയ സെന്റര്‍ മണ്ഡല, മകരവിളക്കുകാലത്ത് സന്നിധാനത്തു പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ക്കായി മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അറിപ്പുകളും, ബോധവത്കരണവും, ലഘു വിഡിയോകളും തയ്യാറാക്കും.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും ഇതിന് ഉന്നത ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുമായുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏകോപിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ പ്രമോദ് നാരായണന്‍, കെ.യു ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മെംമ്പര്‍ പി.ഡി സന്തോഷ്, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം, ദക്ഷിണ മേഖല ഐ.ജി ശ്യംസുന്ദര്‍, ശബരിമല എ.ഡി.എം അരുണ്‍ എസ് നായര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, വനം, ട്രാന്‍സ്പോര്‍ട്ട്, വാട്ടര്‍അതോറിറ്റി, ഫയര്‍ & റസ്‌ക്യൂ, തുടങ്ങി വിവിധ വകുപ്പുമേധാവികളും യോഗത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


