
കൊച്ചി: ഉമാ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റില്‍. കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നാണ് സിഇഒ ആയ ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്.
ഇന്നലെ വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, എംഎല്‍എ ഉമാ തോമസ് വീണു ഗുരുതര പരിക്കേറ്റ പരിപാടിയെച്ചൊല്ലിയുള്ള സാമ്പത്തിക ആരോപണത്തില്‍ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കില്‍ വിളിച്ചുവരുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. വിഷയത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നും സംഘാടകര്‍ അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
പരിപാടി സംഘടിപ്പിക്കാനായി ജിസിഡിഎ 24 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ഇതില്‍ പലതും പാലിക്കപ്പെട്ടില്ല എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സ്വകാര്യ പരിപാടികള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങേണ്ടതാണ്. പക്ഷെ ഇവയ്ക്കെല്ലാം അനുമതി വാങ്ങാത്തത് ശരിയല്ല. വകുപ്പുകളുടെ വീഴ്ച അന്വേഷണ ഘട്ടത്തില്‍ ആണെന്നും പിഡബ്‌ള്യുഡി, പൊലീസ് എന്നിവര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
പരിപാടിക്ക് നേരെ ഉയര്‍ന്ന അനവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചും സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ല എന്നും പരിപാടിയില്‍ ദിവ്യ ഉണ്ണിയുടെ പങ്ക് എന്താണെന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. വിഷയം അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കമ്മീഷണര്‍ പുറത്തുപറഞ്ഞില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




