ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാന്‍: ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ അര്‍മേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

‘ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നു. എംബസിയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാര്‍ഗങ്ങളും പരിഗണനയിലാണ്’- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

1500-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യര്‍ത്ഥിച്ചു. ഇറാനിലെ ടെഹ്റാന്‍, ഷിറാസ്, കോം നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവരാണ്.

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി വീണ്ടും മുന്നറിയിപ്പ് നല്‍കി. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയാണ് ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേല്‍ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ വിശദമാക്കി.

ഇസ്രയേല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നല്‍കിയ നിര്‍ദേശങ്ങള്‍ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്‌സിലൂടെ പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടാമെന്നും എംബസിഅറിയിച്ചു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകളാണ് എംബസി നല്‍കിയിട്ടുള്ളത്. +972547520711/ +972543278392

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top