ലിംഗമാറ്റ ശസ്ത്രക്രിയ; ചൂഷണം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഗൈഡ് ലൈന്‍ കൊണ്ടുവരുമെന്നും ട്രാന്‍സ് സൗഹൃദ കേന്ദ്രങ്ങളായി ആശുപത്രികളെ മാറ്റുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ കൊണ്ടുവരും. സ്വകാര്യ മേഖലയില്‍ ചൂഷണം ഉണ്ടെങ്കില്‍ അത് അവസാനിപ്പിക്കുന്നതിനായി മാര്‍ഗരേഖ ഉണ്ടാക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കും. ആശുപത്രികളില്‍ ചെല്ലുമ്പോള്‍ സ്ത്രീ, പുരുഷന്‍ എന്നീ വിഭാഗങ്ങള്‍ മാത്രമാണുള്ളത്. ട്രാന്‍സ്‌ജെന്‍ഡറുകളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തും. ആശുപത്രികളെ ട്രാന്‍സ് സൗഹൃദ ആശുപത്രികളാക്കി മാറ്റുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

അടുത്തയിടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച ട്രാന്‍സ് ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പു നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങാതെ ശരീരത്തില്‍ ഉണ്ടെന്നായിരുന്നു അനന്യയുടെ ആരോപണം.

അനന്യയുടെ ആരോപണം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അനന്യയുടെ മരണത്തിനു പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മാഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍.

 

Share news
error: Content is protected !!
Scroll to Top