മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 114.92 കോടിയുടെ വികസന പദ്ധതികള്‍ മന്ത്രി വീണ ജോര്‍ജ് നാടിനു സമര്‍പ്പിച്ചു

മഞ്ചേരി:കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 277 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജില്‍ നടത്തിയതെന്ന് ആരോഗ്യ- വനിതാശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ജനറല്‍ ആശുപത്രി 2013 ല്‍ മെഡിക്കല്‍ കോളെജായി ഉയര്‍ത്തിയ ശേഷം അടിസ്ഥാന സൗകര്യങ്ങളുടെ വലിയ കുറവുണ്ടായിരുന്ന ഇവിടെ മികച്ച സൗകര്യങ്ങളാണ് ഇപ്പോള്‍ ഒരുക്കിവരുന്നതെന്നും ഭാവി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണ പൂര്‍ത്തിയാക്കിയ 114.92 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നത് ഈ സര്‍ക്കാറിന്റെ കാലഘട്ടത്തിലാണ്. അണ്ടര്‍ ഗ്രാജുവേറ്റ് മെഡിക്കല്‍ കോളേജ് ആയിരുന്ന മഞ്ചേരി മെഡിക്കല്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ കോളേജായി ഉയര്‍ത്താന്‍ സാധിച്ചു. 491 സര്‍ക്കാര്‍ നഴ്‌സിങ് സീറ്റുകള്‍ ഉണ്ടായിരുന്നത് 1250 സീറ്റിലേക്ക് ഉയര്‍ന്നു. 15 നഴ്‌സിംഗ് കോളേജുകള്‍ പുതുതായി തുടങ്ങാന്‍ സാധിച്ചു. സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ച എഴ് നഴ്സിങ് കോളെജുകളില്‍ ഒന്ന് മഞ്ചേരിയിലാണ് തുടങ്ങിയത്. പിജി സീറ്റുകളുടെ വര്‍ധന, പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങാനായത്, പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത് ഉള്‍പ്പെടെ നേട്ടങ്ങള്‍ നിരവധിയാണ്. ദേശീയ റാങ്കിങ്ങില്‍ കേരളത്തിന്റെ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടാന്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ 103.86 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഗേള്‍സ് ഹോസ്റ്റല്‍, ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഇന്റേണല്‍ റോഡ്, 1.10 കോടി ചെലവില്‍ നിര്‍മിച്ച ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി ബ്ലോക്ക്, 2.35 കോടിയുടെ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വൈറല്‍ റിസര്‍ച്ച് ലാബ് (വി.ആര്‍.ഡി.എല്‍), 1.38 കോടിയുടെ 750 കെവിഎ ജനറേറ്റര്‍, 1.20 കോടി ചെലവില്‍ നിര്‍മിച്ച ലേബര്‍ റൂം ആന്‍ഡ് കാര്‍ഡിയോളജി ഒപി, അഞ്ചു കോടി രൂപ ചെലവില്‍ സ്ഥാപിച്ച 128 സ്ലൈഡ് സിടി സ്‌കാന്‍ യൂണിറ്റ് തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. തൃക്കലങ്ങോട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കരിക്കാട്, ചെറുകുത്ത് സബ് സെന്ററുകള്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു.

പരിപാടിയില്‍ യു.എ. ലത്തീഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. കെ വി വിശ്വനാഥന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, വൈസ് ചെയര്‍പേഴ്‌സണ്‍ വി.പി. ഫിറോസ്, നഗരസഭ കൗണ്‍സിലര്‍മാരായ ഷെറീന ജവഹര്‍, അഡ്വ. പ്രേമ രാജീവ്, കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് എം.ഡി സുധീര്‍ ബാബു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.കെ. അനില്‍ രാജ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍. പ്രഭുദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, എച്ച്.ഡി.എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top