വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ടൊഴിവാക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാര്‍ശ പ്രതിഷേധാര്‍ഹമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാര്‍ശയെ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ശക്തമായി അപലപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു.

ചാന്‍സലര്‍ നിയമിച്ച സര്‍വകലാശാല ഭരണസമിതി അംഗങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗാനങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അക്കാദമിക് കമ്മിറ്റികള്‍ ഇതിനകം തയ്യാറാക്കിയ ഒരു സിലബസില്‍ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നില്‍. വൈസ് ചാന്‍സലര്‍ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്‌കാരിക ബോധത്തെ തിരിച്ചറിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, തന്റെ പാട്ടുള്‍പ്പെടുന്ന ഭാഗം കാലിക്കറ്റ് സര്‍വകലാശാല ബി.എ മലയാളം സിലബസില്‍ നിന്നും ഒഴിവാക്കാനുള്ള ശിപാര്‍ശ ചിരിപ്പിക്കുന്നതും വിദ്യാര്‍ഥികളെ മണ്ടന്‍മാരാക്കുന്നതുമെന്ന് ഗായിക ഗൗരി ലക്ഷ്മി പറഞ്ഞു. വേടന്റെ നിലപാടുകള്‍ പുതുതലമുറയുടെ കാഴ്ചപ്പാടുമായി സാമ്യമുള്ളതാണ്. അക്കാരണം കൊണ്ടാണ് വേടനെ മാറ്റി നിര്‍ത്താന്‍ പലരും നിലപാട് സ്വീകരിക്കുന്നതെന്ന് ഗൗരി ലക്ഷ്മി പറഞ്ഞു. പാട്ട് ഒഴിവാക്കാന്‍ മുന്നോട്ടുവെച്ച കാരണങ്ങള്‍ തമാശയായിട്ടുണ്ടെന്ന് ഗൗരി ലക്ഷ്മി പറയുന്നു. കുറേ നാളായിട്ട് ഇത്തരത്തില്‍ ചിരിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഒരു സംഭവമായിട്ട് മാത്രമേ ഇത് കാണുന്നുള്ളൂവെന്ന് ഗൗരി ലക്ഷ്മി പറഞ്ഞു.

മലയാളം യുജി പഠനബോര്‍ഡാണ് നേരത്തെ വേടന്റെ പാട്ട് പാഠ്യപദ്ധയില്‍ ചേര്‍ത്തത്. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ‘ഭൂമി ഞാന്‍ വാഴുന്നിടം’ സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ…’-യും താരതമ്യപഠനത്തിനായി ഉള്‍പ്പെടുത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top