വായനാപക്ഷാചരണം സമാപിച്ചു; മനുഷ്യനെ പൂര്‍ണ്ണതയിലക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ സാധിക്കൂ: മന്ത്രി വി അബ്ദുറഹിമാന്‍

മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ സാധിക്കൂ എന്ന് സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. വായനയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ എക്കാലത്തും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. വായനാപക്ഷാചരണ പരിപാടികളുടെ ജില്ലാതല സമാപനം തിരൂര്‍ തുഞ്ചന്‍ പറമ്പിലെ തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യരെയും സമൂഹത്തെയും ശരിയായി മനസ്സിലാക്കാനുള്ള കഴിവ് വായനയിലൂടെ മാത്രമേ ആര്‍ജിക്കാനാവൂ. വായനയുടെ പ്രാധാന്യം മനസ്സിലാക്കി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ സ്‌കൂളുകളിലും ലൈബ്രറികളിലുമായി വിതരണം ചെയ്യപ്പെടുന്നത്. പുതു തലമുറയെ വായനയുടെ ലഹരിയിലേക്ക് കൊണ്ട് വരാനുള്ള പരിശ്രമങ്ങളാണ് വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലും ലൈബ്രറികളിലും നടക്കുന്നത്. വിദ്യാലയങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാമുള്ള ലൈബ്രറികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നമുക്കാവണം. സാമൂഹികാവബോധവും രാഷ്ട്രീയാവബോധവും വളര്‍ത്തി മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കാന്‍ വായനയ്ക്ക് മാത്രമേ കഴിയൂ. കേരളത്തില്‍ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും അവയെ കോര്‍ത്തിണക്കാനും പരിശ്രമം നടത്തിയ പി.എന്‍ പണിക്കരുടെ അനുസ്മരണ ദിനം ദേശീയ വായനാ ദിനമായി അംഗീകരിക്കപ്പെട്ടത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. പി.എന്‍ പണിക്കര്‍ തുടങ്ങിവച്ച വായനാവിപ്ലവം നാട്ടിന്‍പുറങ്ങളെ സാംസ്‌കാരികമായി ഉയര്‍ത്തി. കേരളാ മോഡലിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു പഴയ കാല മാതൃക കൂടിയാണിത്. വായന ഒരിക്കലും മരിക്കില്ല. മനുഷ്യന്‍ നിലനില്‍ക്കുന്നിടത്തോളം വായനയും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായന എന്നത് ഒരു സംസ്‌കാരമാണെന്നും വായനയുടെ ലോകത്തെ നാം വിശാലമാക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു. ജീവിതത്തിനൊപ്പം മനുഷ്യന്റെ ചിന്തകളെ സംസ്‌കരിച്ചെടുത്ത് അവനെ ശ്രേഷ്ഠമായ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് ഓരോ വായനയും. വായനയെ ലഹരിയാക്കിയ ഒരു പുതുതലമുറയെയാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെയും സാക്ഷരതാ മിഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാരംഗം, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയായിരുന്നു. സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി നെടുംപറമ്പില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, തിരൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എ ഷറഫുദ്ദീന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി ജാഫര്‍ കക്കൂത്ത്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ പി ഇന്ദിരാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് സ്വാഗതവും സാക്ഷരതാമിഷന്‍ തിരൂര്‍ നഗരസഭാ പ്രേരക് സതീരത്‌നം നന്ദിയും പറഞ്ഞു. വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാവേദിയും ജില്ലാ സാക്ഷരതാ മിഷനും നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top