നിളാ തീരത്തെ അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു 

പൊന്നാനിയുടെ കായിക വികസനത്തിന് പൊന്‍തൂവല്‍ ചാര്‍ത്തുന്ന അക്വാട്ടിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് & ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക പ്രേമികള്‍ക്ക് ഇരട്ടിമധുരം പകര്‍ന്ന് മറ്റൊരു കളിക്കളം കൂടി നിര്‍മ്മിക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു. പി നന്ദകുമാര്‍ എംഎല്‍എയുടെയും മുന്‍സിപ്പല്‍ ചെയര്‍മാന്റെയും ആവശ്യപ്രകാരം നഗരസഭയുടെ കീഴില്‍ ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് കുട്ടികള്‍ക്കായുള്ള കളിക്കളത്തിന് കണ്ടെത്തിയിരിക്കുന്നത്. ഒന്നാം ഘട്ടം എന്ന നിലയില്‍ ഒരു കോടി രൂപ ചെലവില്‍ ആറുമാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

‘ നിളയോര പാതയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍,വോളിബോള്‍, കബഡി എന്നിവയ്ക്കുള്ള പരിശീലനവും ഔട്ട്‌ഡോറില്‍ ഫുട്‌ബോള്‍,ക്രിക്കറ്റ് പരിശീലനവും നടത്താം. നീന്തല്‍ പരിശീലനത്തി നായി സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കും.
1400 കോടി രൂപ വിവിധ ഫണ്ടുകള്‍ വകയിരുത്തി കേരളത്തിലുടനീളം സ്റ്റേഡിയങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചു. 356 സ്റ്റേഡിയങ്ങള്‍ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി. കൂടാതെ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന കായിക വകുപ്പിന്റെ പദ്ധതിയില്‍ 120 ഓളം കളിക്കളങ്ങള്‍ പൂര്‍ണ്ണതയിലേക്ക് വരികയാണ്. ഒപ്പം തന്നെ ഫിറ്റ്‌നസ് സെന്ററുകള്‍, ഓപ്പണ്‍ ജിമ്മുകള്‍ എന്നിവയും നിര്‍മ്മിച്ചു വരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ കേരളത്തില്‍ കായിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കേരളമാണ് സ്‌പോര്‍ട്‌സ് എക്കോണമിയും കായിക നയവും നടപ്പിലാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

കിഫ്ബി സഹായത്തോടെ 17 കോടി രൂപ ചെലവിലാണ് അക്വാട്ടിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം. ട്രാക്ക് വയനാട് എന്ന കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. ഈശ്വരമംഗലത്തെ നിള തീരത്തുള്ള നഗരസഭയുടെ മിനി സ്റ്റേഡിയത്തിലാണ് പദ്ധതി നട പ്പാക്കുന്നത്. കബഡി കോര്‍ട്ട്, അക്വാട്ടിക് നീന്തല്‍കുളം, വോളിബോള്‍, ബാഡ്മിന്റണ്‍, ഷട്ടില്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം, റോളര്‍ സ്‌കേറ്റിംഗ് ട്രാക്ക്, ചില്‍ഡ്രന്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക്, എന്നിവയെ കൂടാതെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും കോംപ്ലക്‌സില്‍ ഒരുക്കുന്നുണ്ട്. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി.എം അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം സ്വാഗതവും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top