കാര്‍ഷിക വിളകള്‍ക്ക് വില ലഭിക്കാത്ത പ്രശ്‌നം നേരിടാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിതായി മന്ത്രി വി അബ്ദുറഹിമാന്‍, ഒഴൂര്‍ കൃഷിഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം അവരുടെ കാര്‍ഷികവിളകള്‍ക്ക് വില ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കായിക-ന്യൂന പക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഒഴൂര്‍ കൃഷിഭവന് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക വിളകളില്‍ നിന്നും മറ്റു ഉത്പന്നങ്ങള്‍ നിര്‍മിച്ച് മാര്‍ക്കറ്റില്‍ വില്‍പ്പന നടത്താനുള്ള സൗകര്യങ്ങള്‍ അടക്കമുള്ള ബൃഹത് പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നുമുള്ള വിഹിതം ലഭിക്കാത്തതാണ് നെല്‍ കര്‍ഷകര്‍ക്കുള്ള താങ്ങുവില കൃത്യസമയത്ത് നല്‍കാന്‍ കഴിയാത്തതിന് കാരണമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കടമെടുത്തും കര്‍ഷകര്‍ക്ക് മുഴുവന്‍ തുകയും നല്‍കിയെങ്കിലും കേന്ദ്രം വിഹിതമായി നല്‍കേണ്ട 2850 കോടി രൂപ ഇതുവരെയും സംസ്ഥാനത്തിന് ലഭ്യമാക്കിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഒഴൂര്‍ കൃഷിഭവന് പുതിയ കെട്ടിടം നിര്‍മിച്ചത്. ഒഴൂര്‍ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങല്‍ അധ്യക്ഷനായി.

ജില്ലാ കൃഷി ഓഫീസര്‍ എസ് ബീന പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജലീല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌കര്‍ കോറാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മല്‍ ബാവു, പഞ്ചായത്ത് അംഗങ്ങളായ കെ വി പ്രജിത, അലവി മുക്കാട്ടില്‍, സവിത ചുള്ളിയത്ത്, പ്രമീള മാമ്പറ്റയില്‍, യു സലീന, കെ വി നബീല, കെ കെ ജമീല, കെ ടി എസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന പാലേരി സ്വാഗതവും കൃഷി ഓഫീസര്‍ സി അശ്വതി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top