നൈപുണ്യവികസനത്തിലൂടെ തൊഴില്‍ക്ഷാമം പരിഹരിക്കും: മന്ത്രി ആര്‍ ബിന്ദു, വിജ്ഞാന കേരളം നൈപുണ്യ പൈലറ്റ് പരിശീലന പരിപാടിക്ക് തുടക്കം

HIGHLIGHTS : Minister R Bindu Vigyan Kerala launches skill pilot training program

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യപദ്ധതികള്‍ക്കനുസൃതമായി നൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കി തൊഴില്‍സജ്ജരാക്കി തൊഴില്‍ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. അതിനുള്ള ചുവടുവയ്പ്പായാണ് ക്യാംപസുകളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെല്ലുകള്‍ രൂപീകരിച്ചത്. തൊഴില്‍ അന്വേഷകരേയും തൊഴില്‍ ദാതാക്കളെയും നൈപുണ്യ വികസന ഏജന്‍സികളേയും ബന്ധിപ്പിക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) ഇക്കാര്യത്തില്‍ വഴികാട്ടിയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളാ ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി (കെ-ഡിസ്‌ക്) ചേര്‍ന്ന് നടപ്പിലാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ പൈലറ്റ് പരിശീലന പരിപാടി വിമന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ വിദ്യാര്‍ത്ഥികളുടേയും അഭിരുചികള്‍ മനസ്സിലാക്കി അനുയോജ്യമായ നൈപുണ്യ വികസന പരിശീലനത്തിലൂടെ തൊഴില്‍സജ്ജരാക്കി തൊഴില്‍ലഭ്യമാക്കുന്ന മികച്ച പ്ലാറ്റ്‌ഫോമാണ് ഡിഡബ്ല്യുഎംഎസ്. യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴില്‍ കണ്ടെത്താനാകും. വ്യക്തിത്വവികാസ, ആശയവിനിമയ, അഭിമുഖ നൈപുണ്യ വികസന പരിശീലനവും ഈ പ്ലാറ്റ് ഫോമിലൂടെ ലഭിക്കും. നൈപുണ്യ വികസനത്തിനായി അസാപ്, കെയ്‌സ്, ഐസിടി, ഐഎച്ച്ആര്‍ഡി, എല്‍ബിഎസ് തുടങ്ങിയ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസാപില്‍ നിര്‍മ്മിത ബുദ്ധിയില്‍ ഉള്‍പ്പെടെ നൂറ്റിനാല്‍പതോളം കോഴ്‌സുകള്‍ നടത്തുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ഇന്‍കുബേഷന്‍ സെന്ററുകള്‍ ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മികച്ച ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള യങ് ഇന്നൊവേറ്റേഴ്‌സ് പരിപാടിയിലൂടെ അഞ്ചുലക്ഷം രൂപവരെ ധനസഹായം നല്‍കുന്നുണ്ട്. കേരളത്തെ നവവിജ്ഞാന സമൂഹമായി മാറ്റിയെടുക്കുന്നതിന് ഊന്നല്‍നല്‍കിയാണ് വികസന മാതൃകകളില്‍ ഒന്നായ ഉന്നതവിദ്യാഭ്യാസത്തെ കാലാനുസൃതമായി നവീകരിച്ച് നൈപുണ്യവികസനത്തിലൂടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും ജനജീവിത ഗുണനിലാരവും വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

നടപ്പ് അധ്യയന വര്‍ഷത്തില്‍ പൈലറ്റ് നൈപുണ്യ പരിശീലന പരിപാടിയിലൂടെ 25000 വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനും അതുവഴി തൊഴില്‍ സജ്ജമാക്കുവാനുമാണ് വിജ്ഞാന കേരളം ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി ലിങ്ക്ഡിന്‍, കോഴ്സറ, ഫൗണ്ടിറ്റ്, ടിസിഎസ്, അയോണ്‍ എന്നീ പ്രമുഖ പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് ജോബ് റോളുകളുടെ അടിസ്ഥാനത്തിലുള്ള കോഴ്സുകള്‍, സോഫ്റ്റ് സ്‌കില്‍ വര്‍ദ്ധിപ്പിക്കാനായുള്ള വര്‍ക്ക് റെഡിനസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം, രണ്ടു ദിവസത്തെ ഇമ്മേഴ്സീവ് ഡൊമെയ്ന്‍ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്സണാലിറ്റി ഡെവലപ്മെന്റ് പരിശീലനം, ബ്രിട്ടീഷ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഭാഷ പരിശീലനം എന്നിവയും ഉള്‍പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്‍പര്യവും അഭിരുചിയും അനുസരിച്ച് ഇതിലെ പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അദ്ധ്യാപകരുടെയും പൂര്‍ണ പങ്കാളിത്തത്തിലൂടെ വിദ്യാര്‍ത്ഥികളെ അവരുടെ അക്കാദമിക് മേഖലകള്‍ക്കനുസൃതമായ പരിശീലനം നല്‍കി പഠന ശേഷം തൊഴില്‍ നേടുന്നതിനുള്ള അവരുടെ നൈപുണ്യം ഉറപ്പാക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുക.

കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്ന പരിപാടിയില്‍ വിജ്ഞാനകേരളം ഉപദേഷ്ടാവും മുന്‍മന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സുധീര്‍ കെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഷാലിജ് പി ആര്‍, നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ പി എസ് ശ്രീകല, കെ-ഡിസ്‌ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റിയാസ് പി എം, ലിങ്ക്ഡിന്‍ സീനിയര്‍ കസ്റ്റമര്‍ സക്സസ് മാനേജര്‍ അമിത് മുഖര്‍ജി, കോഴ്സിറ ഗവണ്‍മെന്റ് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ അഭിഷേക് കോഹ്ലി, ,വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ അനില ജെ എസ്, ഡോ. സുമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഐടി, പോളിടെക്‌നിക് ഉള്‍പ്പെടെയുള്ള 80 വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും ഓണ്‍ലൈനായി പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!