കോഴിക്കോട് ബീച്ച്-ബേപ്പൂര്‍ ബീച്ച് ഉല്ലാസനൗക സര്‍വീസ് തുടങ്ങുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

HIGHLIGHTS : Minister P.A. Muhammed Riyas says Kozhikode Beach-Beypur Beach pleasure boat service will be started

careertech

കടലുണ്ടി:2025 ല്‍ കേരള ബീച്ച് ടൂറിസത്തിന്റെ സംഭാവനയായി കോഴിക്കോട് ബീച്ചില്‍ നിന്നും ബേപ്പൂര്‍ ബീച്ചിലേക്ക് ഉല്ലാസനൗക സര്‍വീസ് തുടങ്ങുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കടലുണ്ടി പക്ഷി സങ്കേതത്തില്‍ വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കിയ 1.10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കടലുണ്ടി പക്ഷി സങ്കേതത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

ഉല്ലാസനൗകയില്‍ അഞ്ചു മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍ നിന്നും ബേപ്പൂര്‍ ബീച്ചിലെത്താം. കടലുണ്ടി ചുറ്റി പോകുന്ന ഈ നൗകയില്‍ 15 പേര്‍ക്ക് വരെ സഞ്ചരിക്കാം. ഭക്ഷണം ആസ്വദിച്ചു കഴിച്ച്, കടല്‍ കണ്ട്, എല്ലാ സുരക്ഷാ ക്രമീകരണങ്ങളൂടെയുമുള്ള യാത്രയ്ക്ക് വലിയ തുക വരില്ല. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന പണമേ വരുന്നുള്ളൂ, ‘ മന്ത്രി പറഞ്ഞു.

ഉല്ലാസനൗക കൂടി എത്തുന്നതോടെ പക്ഷി ഗവേഷണത്തിനും ജൈവവൈവിദ്ധ്യ പഠനത്തിനുമായി ഒട്ടേറെ സഞ്ചാരികള്‍ എത്തുന്ന കടലുണ്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ വന്നുചേരും. ഇത് നാടിനെ സാമൂഹ്യപരമായും സാമ്പത്തികപരമായും അഭിവൃദ്ധിപ്പെടുത്തും.

നിലവില്‍ കടലുണ്ടിയില്‍ സഞ്ചാരികള്‍ക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും വിശ്രമിക്കാനും സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. അത് മനസ്സിലാക്കിയിട്ടാണ് 1.10 കോടി രൂപ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി അനുവദിച്ചത്.

പുഴയുടെ തീരം പ്രത്യേകമായി സംരക്ഷിച്ചു മനോഹരമാക്കി. വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുകയും സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തു. പുഴയോരത്ത് കൈവരികള്‍ സ്ഥാപിച്ചു. ടോയ്‌ലറ്റുകള്‍ നവീകരിക്കുകയും വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. കടലുണ്ടി പക്ഷി സങ്കേതം ഇനി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ഷൈലജ, വാര്‍ഡ് മെമ്പര്‍ സതീദേവി, വിനോദസഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!