പാലാഴി റോഡ് ജംഗ്ഷന്‍ മേല്‍പ്പാലം ക്രിസ്മസിന് മുമ്പ് തുറന്നു കൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Minister Muhammad Riyas says Palazhi Road Junction flyover will be opened before Christmas

കോഴിക്കോട് : ബൈപ്പാസിലെ ഏറ്റവും തിരക്കുപിടിച്ച പന്തീരാങ്കാവ് ഭാഗത്തെ പാലാഴി റോഡ് ജംഗ്ഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മേല്‍പ്പാലം ക്രിസ്മസിന് മുമ്പായി നാടിനു സമര്‍പ്പിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത-66ലെ പ്രധാന റീച്ചായ രാമനാട്ടുകര-വെങ്ങളം
ബൈപ്പാസിലെ ഏറ്റവും തിരക്കുപിടിച്ച സ്ഥലമാണ് പന്തീരാങ്കാവ് ഭാഗം.
മാള്‍, സൈബര്‍പാര്‍ക്ക് എന്നിവ ഉള്ളതിനാല്‍ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതസ്തംഭനം നിത്യകാഴ്ചയായിരുന്നു. ഇതിനൊക്കെ പരിഹാരമായിട്ടാണ്
ബൈപ്പാസിലെ ഏറ്റവും നീളംകൂടിയ പാലം വിഭാവനം ചെയ്തത്, മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

690 മീറ്റര്‍ നീളമുള്ള പാലം ക്രിസ്മസിന് മുമ്പ് തന്നെ തുറന്നുകൊടുക്കും. ഇരുവശത്തുമായി രണ്ടു മേല്‍പ്പാലങ്ങളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാലം തുറക്കുന്നതോടെ വലിയ മാറ്റമാണ് വരാന്‍ പോകുന്നത്.

മേല്‍പ്പാലത്തിന് ഭൂമിയേറ്റെടുക്കാനും പ്രവൃത്തി സമയത്തിനു പൂര്‍ത്തിയാക്കാനും പരാതികള്‍ പരിഹരിക്കാനും മറ്റുമായി എല്ലാവരും ഒറ്റകെട്ടായി നിന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍, ജില്ലാ ഭരണകൂടം, ഒളവണ്ണ ഗ്രാമപഞ്ചായത്ത്, കോഴിക്കോട് കോര്‍പ്പറേഷന്‍, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, നാട്ടുകാര്‍, ഓട്ടോ തൊഴിലാളികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പൂര്‍ണമായും സഹകരിച്ചു. ഏറ്റെടുക്കാന്‍ ഭൂമി കിട്ടാനില്ലാത്ത അവസ്ഥയില്‍ വന്‍ വില കൊടുത്താണ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 415 കോടിയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് അടുത്ത മഴക്കാലത്തിനു മുമ്പ്, വിഷു സമ്മാനമായി നാടിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!