സ്പൂണ്‍ ഓഫ് മലബാര്‍’ ലോഞ്ചിങ് നല്ലളത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

കോഴിക്കോട്:കുടുംബശ്രീ സംസ്ഥാന മിഷന്‍ നടപ്പാക്കുന്ന ചലനം മെന്റര്‍ഷിപ്പിന്റെ ഭാഗമായി സൗത്ത് സിഡിഎസിന്റെ കീഴില്‍ നല്ലളത്ത് ആരംഭിച്ച ‘സ്പൂണ്‍ ഓഫ് മലബാര്‍’ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംരംഭത്തിന്റെ ലോഞ്ചിങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കുന്ന ഭക്ഷണം കുറഞ്ഞ നിരക്കില്‍ വീടുകളില്‍ എത്തിച്ചുനല്‍കുകയാണ് പുതിയ സംരംഭത്തിലൂടെ ചെയ്യുക. രാവിലെയും ഉച്ചക്കും രാത്രിയും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും. സൗത്ത് സിഡിഎസിന് കീഴിലെ നാല് സംരംഭങ്ങളുടെ ബ്രാന്‍ഡിങ്ങും ചടങ്ങില്‍ നടന്നു.

നല്ലളം സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം ശ്രീജ, കണ്‍വീനര്‍ വി വി ഷീജ, കുടുംബശ്രീ സിഡിഎസ് മെമ്പര്‍ സെക്രട്ടറി സി സജീഷ്, കൗണ്‍സിലര്‍മാരായ മൈമൂന ടീച്ചര്‍, റഫീന അന്‍വര്‍, ചലനം മെന്റര്‍ സൂസന്‍ എലിസബത്ത്, ബ്ലോക്ക് കോഓഡിനേറ്റര്‍ ശില്പ, എംഇസി ശബാന തുടങ്ങിയവര്‍ പങ്കെടുത്തു.

സിഡിഎസുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ചലനം മെന്റര്‍ഷിപ്പ്. സംസ്ഥാന കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 18 സിഡിഎസുകളെയാണ് തെരഞ്ഞെടുത്തത്. അയല്‍ക്കൂട്ടങ്ങളുടെയും എ ഡിഎസുകളുടെയും ശാക്തീകരണം, നൂതന സംരംഭങ്ങള്‍ ആരംഭിക്കല്‍, കണക്കുകളും രേഖകളും ക്രമപ്പെടുത്തല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മെന്റര്‍ഷിപ്പിന്റെ ഭാഗമായി നടപ്പാക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top