റോഡ് വികസനം പൂര്‍ത്തിയാകുന്നത്തോടെ കോഴിക്കോട് ന്യൂ കോഴിക്കോടായി മാറും: മന്ത്രി മുഹമ്മദ് റിയാസ്, മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :ജില്ലയിലെ റോഡ് വികസനം പൂര്‍ത്തിയാകുന്നത്തോടെ
കോഴിക്കോട് ന്യൂ കോഴിക്കോടായി മാറുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മലബാര്‍ ആകെ ആഗ്രഹിച്ച പദ്ധതിയാണ് യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് നഗരത്തിലെ റോഡുകള്‍ക്ക് വലിയ പരിഗണനയാണ് നല്‍കിയത്. നഗരത്തിലെ ഗതാഗതം സുഖമമാക്കുന്നതിന് റോഡുകള്‍ വികസിക്കണം. ഒട്ടേറെ പ്രതിസന്ധികള്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായി. വലിയ സമരങ്ങളും നടന്നു. റോഡ് യാഥാര്‍ത്ഥ്യമാക്കുക എന്നത് സര്‍ക്കാര്‍ നാടിനു നല്‍കിയ ഉറപ്പാണ്. ജനങ്ങളെ ആണിനിരത്തി ഏത് പ്രതിസന്ധിയെയും മറികടന്ന് റോഡ് വികസന പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

8.34 കി.മീ ദൂരം വരുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നവീകരിക്കാന്‍ സര്‍ക്കാര്‍ 482 കോടി രൂപയാണ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുക്കലിന് വേണ്ടി മാത്രം 344.5 കോടി രൂപയും റോഡ് നിര്‍മ്മാണത്തിന് 137. 44 കോടി രൂപയും അനുവദിച്ചു. ആദ്യഘട്ടത്തില്‍ മാനാഞ്ചിറ- മലാപ്പറമ്പ് ഭാഗത്തെ പ്രവൃത്തിയാണ് നടപ്പാക്കുന്നത്. മലാപ്പറമ്പ് നിന്ന് വെള്ളിമാടുകുന്നു വരെയുള്ള ഭാഗം ദേശീയപാത 766 ല്‍ ഉള്‍പ്പെടുന്നതാണ്. മുത്തങ്ങ വരെ നീളുന്ന ഈ റോഡിന്റെ നിര്‍മാണം ദേശീയപാത വിഭാഗത്തിന്റെ പരിധിയില്‍ വരുന്നതാണ്. അതിനാലാണ് മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള മൂന്നു കിലോമീറ്റര്‍ ഈ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വന്നതെന്നും മന്ത്രി പറഞ്ഞു. പ്രസ്തുത ഭാഗത്തെ പ്രവൃത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിക്കാതെ ആരംഭിക്കാന്‍ സാധിക്കില്ല. മലാപ്പറമ്പ് മുതല്‍ വെള്ളിമാട്കുന്ന് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നപക്ഷം പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന് വേണ്ടി 12 റോഡുകളുടെ വികസനത്തിന് 1312 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 1312.67 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും ഭൂമി ഏറ്റെടുക്കല്‍ വിവിധ ഘട്ടത്തില്‍ തുടര്‍ന്നു വരികയുമാണ്. സ്ഥലം ഏറ്റെടുപ്പിന് വേണ്ടി മാത്രം 720.39 കോടിയും പ്രവൃത്തി നടത്താന്‍ 592. 28 കോടിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.

വികസന പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന് ഒരു കാഴ്ചപ്പാട് മാത്രമേയുള്ളൂ അത് എല്ലാവരെയും യോജിച്ചു കൊണ്ടു പോവുക എന്നതാണ്. റോഡിന്റെ വികസനം നാടിന്റെ ആവശ്യമാണ് ഇതിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പദ്ധതി സമയബന്ധിതമായി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള റോഡ് ഫണ്ട് ബോര്‍ഡ്- കോഴിക്കോട് നഗര പാത വികസന പദ്ധതി പ്രകാരമാണ് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. 24 മീറ്റര്‍ വീതിയില്‍ 5.320 കിലോമീറ്റര്‍ നീളത്തില്‍ ഡി.ബി.എം/ബി.സി നിലവാരത്തിലുള്ള നാല് വരിപ്പാതയായാണ് നിര്‍മ്മാണം. ഇരുവശത്തും കോണ്‍ക്രീറ്റ് കാന, ഡക്റ്റ്, 2.00 മീറ്റര്‍ വീതിയില്‍ നടപ്പാത, കുറുകെ 22 ഡക്റ്റുകള്‍ എന്നിവയുണ്ട്. മദ്ധ്യത്തില്‍ രണ്ട് മീറ്റര്‍ വീതിയില്‍ മീഡിയന്‍, മീഡിയനില്‍ തെരുവ് വിളക്കുകള്‍ എന്നിവ നിര്‍മ്മിക്കും. 21 ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍, സിവില്‍ സ്റ്റേഷനു മുന്‍പില്‍ നടപ്പാലം, റോഡ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍, പ്രധാന കവലകളില്‍ ട്രാഫിക് സിഗ്‌നലുകള്‍ എന്നിവ നിര്‍മ്മിക്കും.

സിവില്‍ സ്റ്റേഷന് സമീപത്ത് നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ദിവാകരന്‍, ഡോ. ജയശ്രീ, കൗണ്‍സിലര്‍ എം എന്‍ പ്രവീണ്‍, കെസിആര്‍ഐപി കോഡിനേറ്റര്‍ ഇ ജി വിശ്വപ്രകാശ്, പ്രോജക്ട് മാനേജര്‍ കെ വിനയരാജ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി സുജീഷ്,
ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top