
കഴിഞ്ഞ ദിവസം നടി മഞ്ജുവാര്യര്‍ പപ്പപ്പ എന്ന പേജില്‍ എഴുതിയ കോളം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീകളുടെ കൂട്ടായ്മകളെക്കുറിച്ച് ഈ കുറിപ്പില്‍ താരം എഴുതിയിരുന്നു. മാതര്‍സംഘത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ കൂട്ടായ്മ ഇന്നും പലയിടങ്ങളിലുമുണ്ട്. വലിപ്പച്ചെറുപ്പങ്ങളില്ലാതെ സ്ത്രീകള്‍ ഒരുമിച്ചുകൂടുന്ന കുടുംബശ്രീഅയല്‍ക്കൂട്ടങ്ങള്‍ ഓരോന്നും നീലവാതിലുള്ള മാതര്‍സംഘത്തപ്പോലെയാണ് എന്നുമെല്ലാം ആ കുറിപ്പില്‍ പറയുന്നു. ഇപ്പോഴിതാ മന്ത്രി എം ബി രാജേഷ് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. നാഗര്‍കോവിലിലെ പഴയ മാതര്‍സംഘത്തെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ മഞ്ജുവാര്യരില്‍ ഒരു അഭിമാനിനിയായ സ്ത്രീയെ കാണുന്നു എന്നും കുടുംബശ്രീയെ ശരിയായി മനസ്സിലാക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത നല്ല വാക്കുകള്‍ക്ക് കുടുംബശ്രീയുടേയും തദ്ദേശവകുപ്പിന്റേയും മന്ത്രി എന്ന നിലയില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
മഞ്ജുവാര്യര്‍ ആത്മാവില്‍ തൊട്ടെഴുതിയ കുറിപ്പ് വായിച്ചു. വായിക്കുന്നവരുടെ ആത്മാവിലേക്കിറക്കുന്ന സത്യസന്ധമായ വരികള്‍. നീലാകാശത്തിന്റെ നിറമുള്ള വാതിലും അതിനപ്പുറത്തു നിന്നുയരുന്ന ചിലങ്കയുടെ ശബ്ദവും മോഹിപ്പിച്ച കുട്ടിക്കാലത്തെക്കുറിച്ച് അവര്‍ എഴുതുമ്പോള്‍ ഓര്‍മ്മകള്‍ക്കൊപ്പം കവിത കിനിയുന്നതുപോലെ.
ആ കുറിപ്പില്‍ നാഗര്‍കോവിലിലെ പഴയ മാതര്‍സംഘത്തെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ മഞ്ജുവാര്യരില്‍ ഒരു അഭിമാനിനിയായ സ്ത്രീയെ കാണുന്നു. കുടുംബശ്രീയെ ശരിയായി മനസ്സിലാക്കുകയും അടയാളപ്പെടുത്തുകയും ചെയ്ത നല്ല വാക്കുകള്‍ക്ക് കുടുംബശ്രീയുടേയും തദ്ദേശവകുപ്പിന്റേയും മന്ത്രി എന്ന നിലയില്‍ ഹൃദയം നിറഞ്ഞ നന്ദി. കുടുംബശ്രീയോട് എക്കാലത്തും മഞ്ജുവാര്യര്‍ ആത്മബന്ധം പുലര്‍ത്തിയിട്ടുണ്ട്. മനോഹരമായ കുറിപ്പില്‍ അയല്‍ക്കൂട്ട ഒത്തുചേരലുകളെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കാനായി അവര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതാണ്. അവ നടപ്പാക്കാന്‍ കഴിയുന്നതാണ്. അതിനാവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്നറിയിക്കട്ടെ.
ഇപ്പോള്‍ തന്നെ കുറിപ്പില്‍ ചുണ്ടിക്കാട്ടിയ പോലെ രംഗശ്രീ ഉണ്ട്. എന്നിടം എന്ന പേരില്‍ ഓരോ എ.ഡി.എസിലും ഒത്തുചേരാനൊരു കേന്ദ്രവും അവിടെ ഓരോ മാസവും ചേരുന്ന സാംസ്‌ക്കാരിക കൂട്ടായ്മകളുണ്ട്. അരങ്ങ് എന്ന പേരില്‍ ഓരോ വര്‍ഷവും സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ കലോല്‍സവം എന്നിങ്ങനെ പെണ്‍ജീവിതത്തിന്റെ ആവിഷ്‌ക്കാരങ്ങള്‍ക്കായി നിരവധി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് കുടുംബശ്രീ പ്രസ്ഥാനം.
കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതത്തെ വിപ്‌ളവകരമായി
മാറ്റിത്തീര്‍ക്കാക്കാന്‍ കുടുംബശ്രീക്കു കഴിഞ്ഞു. കുടുബശ്രീയുടെ മുദ്രാഗീതത്തില്‍ പാടുന്നതു പോലെ വിധിവാക്യങ്ങള്‍ തിരുത്തിക്കുറിച്ചും കഥകള്‍ പറഞ്ഞും കരളു പകുത്തും തമ്മില്‍ താങ്ങായി നില്‍ക്കുന്ന പ്രസ്ഥാനമാണിത്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മാത്രമല്ല സാംസ്‌ക്കാരികമായും കൂടി ശാക്തീകരിക്കുക എന്നത് തന്നെയാണ് കുടുംബശ്രീ ലകഷ്യമിടുന്നത്. അതിന് ഉതകുന്ന നിര്‍ദ്ദേശമാണ് മഞ്ജു വാര്യര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.
കൂട്ടത്തില്‍ ഒരു കാര്യം കൂടി മഞ്ജു വാര്യരുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. എന്റെ മണ്ഡലമായ തൃത്താലയില്‍ അതിജീവനത്തിന്റെ പെണ്‍വായന എന്ന പേരില്‍ സ്ത്രീകള്‍ക്കിടയില്‍ പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിപുലമായ പദ്ധതി കൂടി നടപ്പിലാക്കി വരുന്നു. തൃത്താല മണ്ഡലത്തിലെ ഗ്രന്ഥശാലകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പദ്ധതി വായനയേയും സംവാദങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാളുകളില്‍ സംഘടിപ്പിച്ചത്. ഒരിക്കല്‍ അതിന്റെ ഭാഗമാവാന്‍ മഞ്ജു വാര്യരെ ക്ഷണിക്കുന്നു.
കുടുംബശ്രീയെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



