
ബെംഗളൂരു: കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെ.എന്‍ രാജണ്ണ ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജി സമര്‍പ്പിച്ചു. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുരയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് നടന്നതെന്ന് രാജണ്ണ ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.
കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വിവാദ പരാമര്‍ശം നടത്തിയതിനു പിന്നാലെ ഹൈക്കമാന്‍ഡ് രാജണ്ണയെ പുറത്താക്കുകയായിരുന്നു എന്നാണ് വിവരം. വോട്ടര്‍പട്ടിക തയ്യാറാക്കിയപ്പോള്‍, കരട് ഘട്ടത്തില്‍ എതിര്‍പ്പ് ഉന്നയിക്കുന്നതിന് പകരം കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണടച്ച് നിശബ്ദമായി ഇരുന്നുവെന്നും ഇപ്പോള്‍ പറയുന്നതില്‍ അര്‍ഥമില്ലെന്നുമായിരുന്നു രാജണ്ണ പറഞ്ഞത്. ക്രമക്കേട് നടന്നുവെന്നും കോണ്‍ഗ്രസ് അത് നിരീക്ഷിച്ചില്ല എന്നത് ലജ്ജാകരമാണെന്നും രാജണ്ണ കുറ്റപ്പെടുത്തി.
വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗളൂരുവില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തില്‍ പുറത്തുവന്ന രാജണ്ണയുടെ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പരാമര്‍ശത്തിന് പിന്നാലെ, മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് കത്തു നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ ഇന്നു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
രാഹുല്‍ ഗാന്ധിയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ഇന്ത്യ സംഘത്തിലെ പാര്‍ട്ടികളിലെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുത്തു. പ്രാദേശിക ഭാഷകളിലടക്കമുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ വച്ചാണ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



