Section

malabari-logo-mobile

‘പാവപ്പെട്ടവന് അക്ഷരം പോലും സ്വപ്നം കാണാന്‍ കഴിയാത്ത ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു’; ഗുരുവിനെ ഓര്‍മ്മിച്ച് കെ രാധാകൃഷ്ണന്‍

HIGHLIGHTS : 'We had a past where the poor could not even dream of a letter'; K Radhakrishnan in memory of Guru

തിരുവനന്തപുരം: നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിനെ ജയന്തി ദിനത്തില്‍ അനുസ്മരണ സന്ദേശവുമായി പട്ടികജാതി, പട്ടിക വര്‍ഗ പിന്നാക്കവികസന, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. പാവപ്പെട്ടവന് അക്ഷരവും പുതുവസ്ത്രവും സ്വപ്നം കാണാനാകാത്ത ഒരു ഭൂതകാലത്തിലാണ് ഗുരു പ്രകാശം ഗോപുരമായുര്‍ന്നത്. എന്നാല്‍ കാലങ്ങള്‍ക്ക് മുമ്പേ ഗുരു പൊട്ടിച്ചെറിഞ്ഞതെല്ലാം പുതുരൂപത്തില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ വരും തലമുറകളിലേക്ക് കൈമാറേണ്ടതുണ്ടെന്നും മന്ത്രി ആശംസിക്കുന്നു.

കെ രാധാകൃഷ്ണന്റെ വാക്കുകള്‍

sameeksha-malabarinews

ഇന്ന് ശ്രീനാരായണഗുരു ജയന്തി….

ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ പൊളിച്ചെറിയുവാനും സഹവര്‍ത്തിത്വത്തിലൂടെ മുന്നേറുവാനും ഉപദേശിച്ച മഹാനായ ശ്രീനാരായണഗുരുവിന്റെ ജയന്തി ദിനമാണിന്ന്. അപ്രതീക്ഷിതമായി എത്തിയ മഹാമാരിയുടെ കെടുതികളെ ഒരുമിച്ചു നേരിടുവാന്‍ കേരളത്തിനു കഴിഞ്ഞത് നമുക്ക് ശ്രീനാരായണ ഗുരുവിനെയും മഹാത്മാ അയ്യന്‍കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും പോലുള്ള നവോത്ഥാന നായകരുടെ പൈതൃകം ഉണ്ടായിരുന്നതുകൊണ്ടാണ്.

പാവപ്പെട്ടവന് അക്ഷരം മാത്രമല്ല പുതുവസ്ത്രം പോലും സ്വപ്നം കാണാന്‍ കഴിയാത്ത ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഓണവും സദ്യവട്ടങ്ങളും കൂട്ടായ്മയുമൊന്നും ചിന്തിക്കുവാന്‍ പോലും കഴിയാതിരുന്ന ഒരു കാലത്തിനു നേര്‍ക്കാണ് ഗുരുവെന്ന പ്രകാശഗോപുരം മഹാമേരുതുല്യം ഉയര്‍ന്നു നിന്നത്.

ജാതിചിന്തയുടെയും ജന്‍മി നാടുവാഴിത്തത്തിന്റെയും അടിമനുകത്തില്‍ നിന്നും കേരളം നടുനിവര്‍ത്തിയിട്ട് അധിക കാലമായിട്ടില്ല. എത്രയോ കാലം മുമ്പ് ഗുരു പൊട്ടിച്ചെറിഞ്ഞതൊക്കെ പുതുരൂപത്തില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് ജാഗ്രതയോടെ തന്നെ നമുക്ക് മുന്നേറാം. ഗുരു സന്ദേശങ്ങളുടെ സത്ത മനസില്‍ നിന്നും കെട്ടുപോകാതെ അത് വരും തലമുറകളിലേക്ക്കൂടി കൊളുത്തി വയ്ക്കാം…..

ഏവര്‍ക്കും സ്‌നേഹാശംസകള്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!