മിനിമം വേതനം 40,000; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന സമ്പൂർണ പണിമുടക്ക് തുടരുന്നു. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു.

അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കാനാണ് ധാരണ. കഴിഞ്ഞ ദിവസം അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. 800 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം 40,000 രൂപയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഈ വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. ഏകീകൃതമായി അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നാണ് ആവശ്യം. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്‌മെൻറ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്.

അതേസമയം ശമ്പള വർധനവ് ആവശ്യപ്പെട്ട് യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരം നടന്നിരുന്നു. ഇതിൻ്റെ ഭാഗമായി 490ഓളം സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ ചികിത്സാ പ്രതിസന്ധിക്ക് കാരണമായി. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ മാത്രമായിരുന്നു സേവനം നൽകിയിരുന്നത്. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടനിന്നതോടെ പലയിടത്തും ചികിത്സ മുടങ്ങി.

ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി റിപ്പോർട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് എന്നിവ പൂർണമായും നടപ്പിലാക്കുക, വീരകുമാർ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്‌സിങ് അധ്യാപകർക്ക് യുജിസി സ്കെയിൽ നടപ്പിലാക്കുക, എൻഎച്ച്എം, പാലിയേറ്റീവ് കെയർ, എംഎൽഎസ്‌പി, എച്ച്‌ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയിൽ നടപ്പിലാക്കുക, രോഗി-നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക, ലേബർ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങൾ നടപ്പിലാക്കുക, സ്റ്റാഫ് നഴ്സ് റാങ്ക് ഹോൾഡേഴ്സിനെ സംരക്ഷിക്കുക എന്നിവയാണ് യുഎൻഎയുടെ മറ്റ് ആവശ്യങ്ങൾ.

Share news
error: Content is protected !!
Scroll to Top