HIGHLIGHTS : Milk Comfort Insurance Scheme 2025-26

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസനവകുപ്പിന്റെയും മിൽമയുടെയും സഹകരണത്തോടെ ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങളായവർക്കായി നടപ്പിലാക്കിവരുന്ന ഇൻഷുറൻസ് പദ്ധതിയാണ് ‘ക്ഷീരസാന്ത്വനം’. പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള എൻറോൾമെന്റ് ആരംഭിച്ചിരിക്കുകയാണ്. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ പരിരക്ഷ ലഭിക്കുന്നു. ആരോഗ്യ സുരക്ഷ പദ്ധതിയിൽ 80 വയസ് വരെയുള്ള ക്ഷീരകർഷകർക്ക് യാതൊരു ആരോഗ്യ പരിശോധനകളും കൂടാതെ അംഗങ്ങളാകാവുന്നതും 2 ലക്ഷം രൂപയുടെ പരിരക്ഷയും, നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും. 10 % Co- pay ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയിൽ എൻറോൾ ചെയ്യുന്ന കർഷകരുടെ ക്ലെയിം തുകയുടെ 90% ഇൻഷുറൻസ് കമ്പനിയും 10% കർഷകരും വഹിക്കുന്നു.
അപകടസുരക്ഷ പദ്ധതിയിൽ അപകടമരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാൽ 7 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നു. 18 വയസ്സ് മുതൽ 60 വയസ് വരെയുള്ളവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ അംഗങ്ങളാകാവുന്നതും സ്വാഭാവിക മരണം സംഭവിച്ചാൽ 1 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്നതുമാണ്.
ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് ആരോഗ്യാസുരക്ഷാപദ്ധതിയിൽ 50 % സബ്സിഡി ലഭിക്കുന്നതാണ്. ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകർഷകർക്കും ക്ഷീരസഹകരണ സംഘം ജീവനക്കാർക്കും മുഴുവൻ പ്രീമിയം തുകയും അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം.
ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ 80 വയസ് വരെയുള്ള കർഷകർക്ക് യാതൊരു ആരോഗ്യ പരിശോധനകളും കുടാതെ പങ്കാളികളാകാവുന്നതും നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെ പരിരക്ഷ ലഭിക്കുന്നതും ഇൻഷുറൻസിൽ എൻറോൾമെന്റ് ചെയ്യുന്ന തീയതി മുതൽ തന്നെ പരിരക്ഷ ലഭിക്കുന്നതും പദ്ധതിയുടെ മേന്മകളാണ്. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ് ലെസ് ചികിത്സ സൗകര്യവും മറ്റ് അംഗീകൃത ആശുപത്രികളിലെ ചികിത്സക്ക് റീബേഴ്സ്‌മെന്റ് സൗകര്യവും ലഭ്യമാണ്. ആശുപത്രി ചികിത്സക്ക് മുമ്പും ശേഷവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ചെലവുകൾ യഥാക്രമം 30, 60 ദിവസത്തേക്ക് ലഭിക്കുന്നു. ക്ഷീരകർഷകർ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. പദ്ധതിയിൽ അംഗങ്ങളാകുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനുമായി തൊട്ടടുത്ത ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡുമായോ ബന്ധപ്പെടാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


