മഞ്ഞിലുറഞ്ഞ് മെസി: സമനിലയിലും ജയിച്ച് ഐസ്‌ലാന്റ്

മോസ്‌കോ:  ഐസ്‌ലാന്റ് എന്ന പ്രതിരോധ മഞ്ഞുമലയില്‍ തട്ടി ലയണല്‍മെസിയെന്ന കപ്പിത്താന്‍ നയിക്കുന്ന അര്‍ജന്റീനയുടെ പടക്കപ്പല്‍ നിശ്ചലമായ 90 നിമിഷങ്ങള്‍. രണ്ട് പതിറ്റാണ്ട് മാത്രം പാരമ്പര്യമുള്ള തങ്ങളുടെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും വലിയ വിജയം സമനിലയിലൂടെ ഐസ് ലാന്റ് നേടിയെടുത്തു.
ലോകകപ്പിലെ തങ്ങളുടെ കന്നിപ്പോരാട്ടത്തിനിറങ്ങിയ മഞ്ഞുപട കളി തുടങ്ങിയപ്പോള്‍ തന്നെ പ്രതിരോധമാണ് ഫുട്‌ബോള്‍ ഭീമാകായകരുടെ മുന്നില്‍ തങ്ങളണിനിരത്തുന്ന തന്ത്രമെന്ന് കളിയിലൂടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കളിയുടെ 19ാം മിനിറ്റില്‍ ലോകത്തെ തങ്ങളുടെ ആരാധകരെ ആഹ്ലാദിപ്പിച്ചുകൊണ്ട് സെര്‍ജിയോ അഗ്വോറ എന്ന അര്‍ജന്റീനിയന്‍ ഗോള്‍വേട്ടക്കാരന്‍ മനോഹരമായ ഗോള്‍ നേടി. ഇതോടെ ഉണര്‍ന്നകളിച്ച ഐസ് ലാന്റിന്റെ പ്രത്യാക്രമണത്തിന് നാല് മിനിറ്റിനുളളില്‍ ഫലം കണ്ടു. ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് സിഗുര്‍സണ്‍ നല്‍കിയ ക്രോസ് തട്ടിയകറ്റാനുള്ള ഗോള്‍കീപ്പര്‍ വില്ലി കബെലെറോയുടെ നീക്കം പാളി. ഇതോടെ രണ്ട് പ്രതിരോധനിരക്കാരെ വെട്ടിച്ച് ഫിന്‍ബോഗസന്‍ തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് വലയിലേക്ക്(1-1).

സമനില നേടിയതോടെ ഐസ് ലാന്റ് പൂര്‍ണ്ണമായും പ്രതിരോധത്തിലേക്ക് നീങ്ങി. മെസിയെ പിടിച്ചുകെട്ടുക എന്ന തന്ത്രം തന്നെയാണ് അവര്‍ പുറത്തെടുത്തത്. അര്‍ജന്റീനയുടെ നീക്കങ്ങളൊന്നും പെനാല്‍ട്ടി ബോക്‌സിനുളളില്‍ അപകടമുണ്ടാക്കാന്‍ ഐസ് ലാന്റ് കളിക്കാര്‍ അനുവദിച്ചില്ല.

എന്നാല്‍ കളിയുടെ 64ാം മിനിറ്റില്‍ മാര്‍ഗസന്‍ മെസിയെ തള്ളിയിട്ടതിന് റഫറി പെനാല്‍ട്ടി വിധിച്ചു. പിന്നെ കണ്ടത് അര്‍ജന്റീനിയന്‍ മനസ്സിനെ തകര്‍ക്കുന്ന കാഴചയായിരുന്നു. മെസിയുടെ ഇടംകാലന്‍ ദുര്‍ബലഷോട്ട് ഗോളി ഹാല്‍ഡോസണ്‍ തട്ടിയകറ്റി. കടുത്ത മാനസികസമ്മര്‍ദ്ധം മെസിയില്‍ ഉണ്ടാക്കുന്നുവെന്ന കളിദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടായിരുന്നു.

പിന്നീട് അര്‍ജന്റീനിയുടെ ഗോളിനും ജയത്തിനുമായുള്ള എല്ലാശ്രമങ്ങളും വിഫലമാകുകയായിരുന്നു

Related Articles