ലോക റെക്കോഡിലേക്ക് ചുവടുവച്ച് തൃശൂരില്‍ മെഗാ തിരുവാതിര അരങ്ങേറി

തൃശൂര്‍: ലോക റെക്കോഡിലേക്ക് ചുവടുവച്ച് തൃശൂരില്‍ മെഗാ തിരുവാതിര അരങ്ങേറി. ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടനെല്ലൂര്‍ ഗവ. കോളേജ് മൈതാനത്താണ് 7027 മങ്കമാര്‍ ചുവടുവച്ച മെഗാ തിരുവാതിര അരങ്ങേറിയത്. വൈകിട്ട് 5.08ന് ആരംഭിച്ച തിരുവാതിര 5.18ന് വിജയകരമായി സമാപിച്ചതോടെയാണ് തൃശൂരിലെ തിരുവാതിര നര്‍ത്തകിമാര്‍ റെക്കോഡിലേക്ക് ചുവടുവച്ചത്.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ സിഡിഎസുകളില്‍നിന്നുമുള്ള അംഗങ്ങള്‍ മെഗാ തിരുവാതിരകളിയില്‍ അണിനിരന്നു. ഓണം മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശവുമായി, തട്ടമിട്ട സ്ത്രീകളും മാര്‍ഗം കളിക്കാരും ഉള്‍പ്പെടെ ജാതി- മത ഭേദമന്യേയുള്ള നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ കുമ്മിയടിച്ച് കുട്ടനെല്ലൂരിന്റെ മൈതാനത്ത് ചുവടുവച്ചപ്പോള്‍ അത് പുതു ചരിത്രമായി മാറുകയായിരുന്നു.
പത്തു മിനിറ്റ് നീണ്ടുനിന്ന മെഗാ തിരുവാതിര റവന്യൂ മന്ത്രി കെ രാജന്‍ ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നാണ് പതിനായിരക്കണക്കിന് കാഴ്ചക്കാരുടെ മുന്നില്‍ പച്ച ബ്ലൗസും സെറ്റുമുണ്ടും അണിഞ്ഞെത്തിയ സ്ത്രീകള്‍ തിരുവാതിര കളിച്ചത്. മുന്‍ മേയര്‍ അജിത വിജയന്‍ ഉള്‍പ്പെടെ വലുപ്പച്ചെറുപ്പവും പ്രായ ഭേദവുമില്ലാതെ 7000 ലേറെ പേര്‍ പങ്കെടുത്തു.

ഇതാദ്യമായാണ് ഇത്രയും പേര്‍ അണിനിരക്കുന്ന തിരുവാതിര അരങ്ങേറിയത്. നിലവില്‍ 6582 നര്‍ത്തകിമാര്‍ അണിചേര്‍ന്ന തിരുവാതിരകളിയുടെ പേരിലാണ് ലോക റെക്കോഡ്. ബുധനാഴ്ച തൃശൂരിന്റെ മണ്ണില്‍ അരങ്ങേറിയ മെഗാ തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, ടാലന്റ് വേള്‍ഡ് റെക്കോഡ്സ് എന്നിവയുടെ പ്രതിനിധികളുടെ നിരീക്ഷണത്തിലാണ് നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ് നേടിയ എന്‍ വി ഫ്രിജിയാണ് മെഗാ തിരുവാതിരകളിയില്‍ പങ്കെടുത്ത കുടുംബശ്രീ കലാകാരികള്‍ക്ക് പരിശീലനം നല്‍കിയത്. പങ്കെടുത്ത കലാകാരികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക കവാടത്തിലൂടെയാണ് നര്‍ത്തകിമാരെ മൈതാനത്തേക്ക് കയറ്റിവിട്ടത്.

തിരുവാതിരയ്ക്കുശേഷം ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, ഡിഐജി അജിതാ ബീഗം, കമീഷണര്‍ അങ്കിത് അശോകന്‍, കുടുംബശ്രീ ജില്ലാ കോ– ഓര്‍ഡിനേറ്റര്‍ ഡോ. എ കവിത, കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top