കോഴിക്കോട് ; ഏആര്‍ നഗര്‍ ബാങ്കുമായ ബന്ധപ്പെട്ട വിഷയത്തില്‍ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് ആരോപണമുന്നയിച്ച കെടി ജലീലുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തള്ളാതെ മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
രാഷ്ട്രീയതര്‍ക്കം വേറെ, വ്യക്തിപരമായ ബന്ധം വേറയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. നിയമസഭയിലും, കല്യാണ വീടുകളിലും, യോഗങ്ങളിലും കണ്ടാല്‍ മിണ്ടാതെ പോകുന്നവരല്ല താനും കെടി.ജലീലും. രാഷ്ട്രീയ സംവാദം നടത്തുന്നവര്‍ തമ്മില്‍ വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടെന്നത് തെറ്റിദ്ധാരണയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏആര്‍ നഗര്‍ ബാങ്കിലെ വ്യാജ അകൗണ്ടുകളെ കുറിച്ചും, നിക്ഷേപങ്ങളെ കുറിച്ചും, കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഒന്നരമാസം മുന്‍പ് കുറ്റിപ്പുറത്ത് വെച്ച് കുഞ്ഞാലിക്കുട്ടിയും ജലീലുമായി രഹസ്യകൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത ഇന്നുരാവിലെ ന്യൂസ് 18 മലയാളം ചാനല്‍ പുറത്തുവിട്ടിരുന്നു.
കുറ്റിപ്പുറത്തെ ഒരു വ്യവസായിയുടെ വീട്ടിലെ അടച്ചിട്ട മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കുഞ്ഞാലിക്കുട്ടി ആവിശ്യപ്പെട്ടിട്ടാണ് കൂടിക്കാഴ്ച നടന്നത് എന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ ഏആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ നിക്ഷേപ ആരോപണങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് കുഞ്ഞാലിക്കുട്ടി കെടി ജലീലിനോട് അഭ്യര്‍ത്ഥിച്ചു. തനിക്ക് ജലീലുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി ജലീലിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.
മുസ്ലീം ലീഗ് ഭരണസമിതി ഭരിക്കുന്ന ഏആര്‍ നഗര്‍ ബാങ്കില്‍ ആയിരം കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നായിരുന്നു നേരത്തെ ജലീല്‍ ഉന്നയിച്ചത്. ബാങ്കിലെ വ്യാജ അകൗണ്ടുകള്‍ കുഞ്ഞാലിക്കുട്ടിയുടെ ബിനാമികളുടെതാണെന്നായിരുന്നു ജലീലിന്റെ മറ്റൊരാരോപണം.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയുമായി നടന്നെന്ന് പറയുന്ന ഈ കൂടിക്കാഴ്ചക്ക് ശേഷം കെടി ജലീല്‍ ഏആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ നിശ്ബ്ദനാണ്.




