
ന്യൂഡല്‍ഹി: രാജ്യത്തെ 70 വയസ്സിന് മുകളില്‍ പ്രായക്കാരായ മുഴുവന്‍ പേരെയും ആയുഷ്മാന്‍ ഭാരത് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പശ്ചാത്തലം നോക്കാതെ 70 വയസ്സ് പിന്നിട്ട എല്ലാവര്‍ക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (AB PM-JAY) പ്രകാരം ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബ അടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ ലഭിക്കുക. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. ഇത് കുടുംബങ്ങളുമായി പങ്കിടാനാവില്ല. കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്), എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ നിലവിലുള്ള പദ്ധതിയില്‍ തുടരുകയോ എ ബി പിഎംജെവൈയിലേക്ക് മാറുകയോ ചെയ്യാം.
സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കോ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിനോ കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും എ ബി പിഎംജെവൈ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നല്‍കുമെന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




