മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 4 വരെ നീട്ടി, വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡായി തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

HIGHLIGHTS : May ration distribution extended till June 4, applications can be submitted to convert white and blue ration cards to pink cards

cite

സംസ്ഥാനമെങ്ങും തുടരുന്ന കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 4 വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും റേഷന്‍ വിതരണവും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരുടെ ബില്‍ കുടിശ്ശികകള്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുകയും വിട്ടെടുപ്പും റേഷന്‍ വിതരണവും സാധാരണ നിലയില്‍ നടക്കുകയും ചെയ്യുന്നുണ്ട്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും വിട്ടെടുത്ത് റേഷന്‍കടകളില്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ വകുപ്പ് പൂര്‍ണ്ണസജ്ജമാണ്. നീണ്ടുനില്‍ക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യമായ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം നല്‍കിക്കഴിഞ്ഞു.

മേയ് 31 ഉച്ച വരെ മുന്‍ഗണനാ വിഭാഗത്തിലെ എ.എ.വൈ റേഷന്‍ കാര്‍ഡുടമകള്‍ 92.12 ശതമാനവും പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുടമകള്‍ 87 ശതമാനവും ഉള്‍പ്പെടെ ആകെ 74 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഏപ്രില്‍ മാസം 30-ാം തീയതിയില്‍ 70.75 ശതമാനം കുടുംബാംഗങ്ങള്‍ ആണ് ആ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിരുന്നത്.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ജൂണ്‍ 2 മുതല്‍ 15 വരെ സമയം അനുവദിച്ചു. അര്‍ഹരായ കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!