Section

malabari-logo-mobile

മരട് ഫ്‌ളാറ്റ്; ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയുമെന്ന് സുപ്രീംകോടതി കമ്മീഷന്‍ റിപ്പോര്‍ട്ട്

HIGHLIGHTS : Maradu Flat; The report of the Supreme Court Commission says that the government and the municipality will be responsible

കൊച്ചി: മരടിലെ അനധികൃത നിര്‍മ്മാണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

തീരദേശസംരക്ഷണ നിയമം ലംഘിച്ച് മരടില്‍ പണിത് ഉയര്‍ത്തിയ അനധികൃതനിര്‍മ്മാണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരിലെയും മരട് നഗരസഭയിലെയും ഉദ്യോഗസ്ഥരാണെന്നാണ് റിട്ട ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ കമ്മീഷന്റെ കണ്ടെത്തല്‍. അനധികൃതഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചതിന് ഉത്തരവാദികള്‍ ബില്‍ഡര്‍മാരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

തുറന്ന കോടതിയില്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വായിച്ചതിന് പിന്നാലെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തെണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടില്ല. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കേസിലെ എല്ലാ കക്ഷികള്‍ക്ക് നല്‍കാനും റിപ്പോര്‍ട്ടിനെ സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ സെപ്തംബര്‍ ആറിനകം കോടതിയെ സമീപിക്കാനും നിര്‍ദ്ദേശമുണ്ട്.

കേസ് വീണ്ടും സെപ്റ്റംബര്‍ ആറിന് പരിഗണിക്കും. അന്ന് ഇതുസംബന്ധിച്ച അന്വേഷണത്തിന് കോടതി ഉത്തരവിടാനാണ് സാധ്യത. നേരത്തെ സംസ്ഥാനസര്‍ക്കാര്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് തിരിച്ചുപിടിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകളാണ് മരടില്‍ പൊളിച്ചത്.

അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ എന്ന് കണ്ടെത്താനാണ് കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചത്. കൂടാതെ നഷ്ടപരിഹാരം സംബന്ധിച്ച് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!