തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. മൂക്കിനും തൊണ്ടയ്ക്കുമുള്ള അസുഖത്തിന് ചികിത്സ തേടിയെത്തിയ കുട്ടിയുടെ വയറ്റിലാണ് ശസ്ത്രക്രിയ നടത്തിയത്.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഏഴുവയസ്സുള്ള ഡാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനാണ് കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡാനിഷിന് ഇന്നലെ രാവിലെ വയറിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കള്‍ ഇക്കാര്യം പറഞ്ഞപ്പോഴാണ് ഡോക്ടര്‍ക്ക് സംഭവിച്ച പിഴവ് മനസിലായത്.
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് സ്വദേശി ധനുഷിനെയും ഇതേസമയത്തുതന്നെ ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ മാറിയതാണ് ധനുഷിന് വയറില്‍ നടത്തേണ്ട ശസ്ത്രക്രിയ ഡാനിഷിന് നടത്തിയതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവം ഇന്ന് ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചര്‍ച്ച ചെയ്യും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവും മഞ്ചേരി എംഎല്‍എയുമായ എം ഉമ്മര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും എം ഉമ്മര്‍ വിശദമാക്കി.




