മഞ്ചേരി: മഞ്ചേരി നഗരസഭാ പരിധിയില്‍ അടുത്തിടെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു. അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രണ്ട് പ്രദേശത്തുകാര്‍ ചേരി തിരിഞ്ഞ് നടത്തിയ അതിക്രമത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റതിനെ തുടര്‍ന്നാണ് കലക്റ്റര്‍ യോഗം വിളിച്ചത്.
അതിക്രമം തടയുന്നതിനാവശ്യമായ മുന്‍കരുതലെടുക്കാന്‍ പൊലീസിന് കലക്റ്റര്‍ നിര്‍ദേശം നല്‍കി. റോഡരികില്‍ അനധികൃതമായി നിര്‍മിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ പൊളിച്ച് മാറ്റും. ഇത്തരം സ്ഥലങ്ങളില്‍ തമ്പടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അതിക്രമത്തില്‍ ഏര്‍പ്പെടുന്നവരെ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെടുത്തി പാസ്‌പോര്‍ട്ട് കണ്ട് കെട്ടാനും കലക്റ്റര്‍ നിര്‍ദേശിച്ചു.
എ.ഡി.എം. പി.മുരളീധരന്‍, നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, പൊലീസ് ഉദ്യോഗസ്ഥര്‍, മത നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.




