മണിപ്പൂര്‍ കലാപം; സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്; ആഭ്യന്തര വിഷയമെന്ന് ഇന്ത്യ വിദേശകാര്യ സെക്രട്ടറി

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കി. ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് പ്രമേയം അംഗീകരിച്ചത്. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന സാഹചര്യത്തെക്കുറിച്ചും യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളും ഉന്നയിക്കണമെന്നും പ്രമേയത്തില്‍ പറഞ്ഞു.

മണിപ്പൂരിലെ സംഭവങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിലാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ഹിന്ദുഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കലാപത്തിനു പിന്നിലെന്നും പ്രമേയം കുറ്റപ്പെടുത്തി. 120 പേരോളം മരിക്കുകയും അരലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്ത കലാപത്തില്‍
നിരവധി കെട്ടിടങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടതായും പ്രമേയത്തില്‍ പറയുന്നു. ഇന്റര്‍നെറ്റ് നിരോധനം അവസാനിപ്പിക്കാനും സംഘര്‍ഷങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്താനും യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. വെനസ്വേല, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കി.

എന്നാല്‍, മണിപ്പൂര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പ്രതികരിച്ചു. വിഷയം യുക്തമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്കറിയാം. ഇന്ത്യ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാത്തതു പോലെ മറ്റു രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണ് ഉചിതം. കൊളോണിയല്‍ ചിന്താഗതിയുടെ പ്രതിഫലനമാണ് യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കം. ഇത് അംഗീകരിക്കാനാവില്ല. മണിപ്പൂരില്‍ കാര്യങ്ങള്‍ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. അതില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം വിനിയോഗിക്കട്ടെ എന്നും വിനയ് ക്വാത്ര അഭിപ്രായപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top