കോഴിക്കോടുകാര്‍ക്ക് പുതുവത്സര സമ്മാനമായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് സമര്‍പ്പിക്കും ;മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോടുകാര്‍ക്ക് പുതുവത്സര സമ്മാനമായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് നവീകരണ പ്രവൃത്തി പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കേരള റോഡ്സ് ഫണ്ട് ബോര്‍ഡിന്റെ കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡിന് എന്‍ഒസി ലഭിച്ചിട്ടുണ്ടെന്നും വളരെ വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മലാപ്പറമ്പ്-മാനാഞ്ചിറ റോഡിന് 137.44 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതില്‍ 5.32 കിലോമീറ്റര്‍ ദൂരമുള്ള മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെയുള്ള റോഡിന് 24 മീറ്റര്‍ വീതിയുണ്ടാകും. പ്രവൃത്തി കാലാവധിക്ക് മുമ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കുടിവെള്ളത്തിനായി റോഡ് കീറുന്ന പ്രശ്നം പരിഹരിക്കാന്‍ യൂട്ടിലിറ്റി ഡക്റ്റ്, ഇലക്ട്രിക് പോസ്റ്റുകള്‍, അത്യാവശ്യമുള്ള വാട്ടര്‍ അതോറിറ്റി ലൈന്‍ എന്നിവക്കായി 59 സെന്റിമീറ്റര്‍ ഇരുവശങ്ങളിലും സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കും. നാലുവരി പാതയായാണ് വികസനം. 22 ക്രോസ് ഡക്റ്റുകള്‍, നടുവിലായി രണ്ട് മീറ്റര്‍ വീതിയില്‍ മീഡിയനും തെരുവ് വിളക്കുകളും പദ്ധതിയുടെ ഭാഗമാണ്. 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഏഴ് ബസ് ബേയും സിവില്‍ സ്റ്റേഷനു മുന്നില്‍ ഒരു നടപ്പാലവും കവലകളില്‍ ട്രാഫിക് സിഗ്നലുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top