കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരന്‍ പാക്കം സ്വദേശി പോള്‍ (50)മരിച്ചു. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാട്ടനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച പോളിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
രാവിലെ 9.30ഓടെയായിരുന്നു ചോകാടിക്ക് സമീപം കുറുവാ ദ്വീപിലേയ്ക്ക് ഇറങ്ങുന്ന പ്രധാനപാതയ്ക്ക് സമീപം പോള്‍ കാട്ടാനയെ കണ്ടത്. ആനയെ കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന പോളിന് നേരെ തിരിയുകയായിരുന്നു. ഇതിനിടെ വീണ് പോയ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഒച്ചയിട്ടതിനെ തുടര്‍ന്നാണ് കാട്ടാന പോളിനെ ആക്രമിക്കുന്നതില്‍ നിന്നും പിന്‍തിരിഞ്ഞത്. തുടര്‍ന്ന് പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. പോളിന് ആന്തരിക രക്തസ്രാവവും ഉണ്ടായതാണ് ആരോഗ്യനില ഗുരുതരമാക്കിയത്.
ബേലൂര്‍ മാഗ്‌നയെ മയക്ക് വെടിവെച്ച് പിടികൂടാനുള്ള പരിശ്രമം ആറാം ദിവസവും ഫലപ്രാപ്തിയില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് കുറുവാ ദ്വീപിലെ താല്‍ക്കാലിക ജീവനക്കാരനായ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടെ കടുത്തഭയാശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാനന്തവാടി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ ആളാണ് പോള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




