Section

malabari-logo-mobile

മലയാളത്തിനും ഇനി സ്വന്തമായി ആംഗ്യഭാഷാലിപി

HIGHLIGHTS : Malayalam now has its own sign language script

തിരുവനന്തപുരം: മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയില്‍ തയ്യാറാക്കിയ അക്ഷരമാല ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പ്രകാശനംചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയില്‍ ഒരു ഏകീകൃത ആംഗ്യഭാഷാലിപി – ഫിംഗര്‍ സ്‌പെല്ലിങ് – രൂപകല്പന ചെയ്തത്. ഏകീകൃത ആംഗ്യഭാഷാലിപി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്രയുംപെട്ടെന്ന് പ്രാപ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളിലും സാര്‍വ്വത്രികമായി പ്രചരിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെടും.

സംസ്ഥാനത്തെ ബധിരവിദ്യാലയങ്ങളിലെ അധ്യാപകരെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്രശ്‌നത്തിനാണ് മലയാളത്തില്‍ ആംഗ്യഭാഷാ അക്ഷരമാല വരുന്നതോടെ പരിഹാരമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. . ഇംഗ്ലീഷിനും ഹിന്ദിക്കും സ്വന്തമായ അക്ഷരമാലയുണ്ട്. നിലവില്‍ ചുണ്ടുകളുടെ ചലനം നോക്കിയും കൈകളില്‍ എഴുതിക്കാണിച്ചുമാണ് ശ്രവണപരിമിതര്‍ക്ക് ആശയവിനിമയം നടക്കുന്നത്. ഇതിലെ പരിമിതി അനുഭവിച്ചറിഞ്ഞ അധ്യാപകരും കുട്ടികളും ചേര്‍ന്നാണ് ഫിംഗര്‍ സ്‌പെല്ലിങ് രൂപകല്പന ചെയ്തിരിക്കുന്നത്. അവരുടെ അനുഭവസ്പര്‍ശത്തിന്റെ ഭംഗി അവരുണ്ടാക്കിയ ലിപികള്‍ക്കും ഉണ്ട് – മന്ത്രി പറഞ്ഞു.

sameeksha-malabarinews

സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേര്‍ന്നതാണ് ഏകീകൃത ആംഗ്യഭാഷാലിപി. ഇത്തരം നവീന സംരംഭങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്ന നിഷിനെ ലോകനിലവാരത്തിലുള്ള സ്ഥാപനമാക്കാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഫിങ്ഗര്‍ സ്‌പെല്ലിംഗ് രൂപകല്പന ചെയ്ത ആംഗ്യഭാഷാ വിദഗ്ധരും നിഷിലെ ബധിര അദ്ധ്യാപകരുമായ അരുണ്‍ ഗോപാല്‍, സന്ദീപ് കൃഷ്ണന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ബധിരയുമായ രാഖി രവീന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. നിഷ് ഡിഗ്രി വിഭാഗത്തിന്റെയും ഓള്‍ കേരള അസോസിയേഷന്‍ ഫോര്‍ ദി ഡെഫിന്റെയും സഹകരണത്തോടെയാണ് ലിപിയുടെ രൂപകല്പന. സെപ്റ്റംബര്‍ അവസാനവാരം വരെ നീണ്ടുനില്‍ക്കുന്ന ‘അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായാണ് ലിപി പ്രകാശനംചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!